
കൊച്ചി: കേരള ബാർ കൗൺസിലിന്റെ അഭിഭാഷക ക്ഷേമനിധിയിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ അന്വേഷണം സി.ബി.ഐക്കു വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിലവിലുള്ള കേസിന്റെ രേഖകൾ സി.ബി.ഐക്കു കൈമാറണം. അന്വേഷണം സി.ബി.ഐക്കു വിടുന്നതിനാവശ്യമായ നടപടി കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഡി.ജി.പിയും ഒരു മാസത്തിനകം സ്വീകരിക്കണമെന്നും ജസ്റ്റിസ് സുനിൽ തോമസ് നിർദ്ദേശിച്ചു.
അഭിഭാഷക ക്ഷേമനിധിയിലെ തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തലശേരി സ്വദേശി അഡ്വ. സി.ജി. അരുൺ, കേരള ലായേഴ്സ് ഫോറം ഭാരവാഹികളായ എൻ.എ. ഖാലിദ്, എ. അബ്ദുൾ റസാഖ്, അബ്ദുൾ റഹ്മാൻ കാരാട്ട് എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 2007 മുതലുള്ള കണക്കുകൾ ആഡിറ്റ് ചെയ്യാതെ ക്ഷേമനിധിയിൽ നിന്ന് 7.5 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ വിജിലൻസ് കേസെടുത്തെങ്കിലും ബാർ കൗൺസിലിന്റെ അക്കൗണ്ടന്റ് ചന്ദ്രനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണം നിലച്ചെന്നാണ് ഹർജിക്കാരുടെ ആരോപണം.
വിജിലൻസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. അഭിഭാഷകരുടെ ക്ഷേമത്തിനായുള്ള ഫണ്ടിൽ നിന്നാണ് കോടികൾ തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ആരും പരിശോധിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. അഭിഭാഷക ക്ഷേമനിധി സ്റ്റാമ്പ് വ്യാജമായി നിർമ്മിച്ച് തട്ടിപ്പു നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണ്. വ്യാജ സ്റ്റാമ്പുകൾ വിറ്റിട്ടില്ലെന്ന വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തൽ വിശ്വസനീയമല്ല. കണക്കുകൾ ആഡിറ്റ് ചെയ്തു സൂക്ഷിക്കേണ്ട ചുമതല ബാർ കൗൺസിൽ സെക്രട്ടറിക്കാണ്. എന്നാൽ പത്തു വർഷത്തോളം ഇതു ചെയ്തിരുന്നത് അക്കൗണ്ടന്റാണ്. സെക്രട്ടറിയുടെ നടപടിയും അന്വേഷിക്കേണ്ടതുണ്ട്. ക്രമക്കേടിൽ പങ്കില്ലെന്ന് കണ്ടെത്തി സെക്രട്ടറിയെ തിരികെയെടുത്ത നടപടിയെയും കോടതി വിമർശിച്ചു.