pt

കൊച്ചി: ജ്യേഷ്ഠസഹോദരന്റെ സ്നേഹവും വാത്സല്യവും പകർന്നുതന്ന രാഷ്ട്രീയ നേതാവായിരുന്നു പി.ടി. തോമസെന്ന് മന്ത്രി പി. പ്രസാദ് അനുസ്മരിച്ചു. കേരളകൗമുദി കൊച്ചി യൂണിറ്റിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വർഷങ്ങൾക്കുമുമ്പ് ഒരു ജനകീയ പ്രശ്നത്തെത്തുടർന്നുണ്ടായ ഫോൺവിളിയിൽ തുടങ്ങിയ ബന്ധമാണ് പി.ടി. തോമസുമായുണ്ടായിരുന്നത്. കൃഷിവകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോൾ മുതൽ ഓരോ നിയമസഭാ സമ്മേളനത്തിലും അദ്ദേഹത്തിന്റെ കൊച്ചുകുറിപ്പുകൾ തേടിയെത്തുമായിരുന്നു.

മലയാളത്തിന്റെ മണ്ണിന് മറക്കാനാവാത്ത മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച പത്രമാണ് കേരളകൗമുദി. ഉജ്ജ്വലമായ വിപ്ലവത്തിന്റെ വഴികൾ തീർത്ത ശ്രീനാരായണ ഗുരുദേവൻ സമൂഹത്തെ ഇളക്കിമറിച്ച നാളുകളിലാണ് മലയാള സാഹിത്യത്തറവാട്ടിലെ സവ്യസാചിയായ സി.വി. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ പത്രത്തിന് തുടക്കമായത്. കേരള നവോത്ഥാനത്തിലെ എണ്ണം പറഞ്ഞ നായകന്മാരുടെ പിന്തുണയും പിൻബലവും കേരളകൗമുദിയെ കരുത്തുറ്റ പത്രമാക്കി. സാമൂഹ്യനവോത്ഥാനത്തിന്റെ മുന്നണിയിലേക്ക് ജനതയെ ആനയിക്കാൻ പരിശ്രമിച്ച പത്രമാണ് കേരളകൗമുദി. ആനയെ ഉറമ്പായും ഉറുമ്പിനെ ആനയായും കാണിക്കാൻ കഴിയുന്ന ചെപ്പടിവിദ്യകളുള്ള വർത്തമാനകാലത്തും തുടക്കംമുതൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന കേരളകൗമുദിയെ സത്യത്തിന്റെയും ന്യായത്തിന്റെയും പക്ഷത്ത് മുൻനിരയിലാണ് എല്ലാവരും കാണുന്നത്.

മലയാള സിനിമാ, നാടകരംഗത്ത് കൊടുമുടികൾ കീഴടക്കിയാണ് നെടുമുടി വേണു കടന്നുപോയത്. അദ്ദേഹം ഏറ്റെടുത്ത കഥാപാത്രങ്ങൾക്കെല്ലാം ജീവൻ നൽകിയതിൽ ദ്രാവിഡത്തനിമയുടെ രീതിയുണ്ടായിരുന്നെന്ന് മന്ത്രി പറഞ്ഞു.