p

കൊച്ചി: ഫർണിച്ചർ സ്ഥാപനമുടമകളായ സഹോദരന്മാരെ നൂറനാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന പരാതിയിൽ നർക്കോട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശികളായ ഷാൻമോൻ, സജിൻ രജീബ് എന്നിവർ നൽകിയ ഹർജിയിലാണ് സർക്കാർ വി​ശദീകരണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി ജനുവരി മൂന്നിനു പരിഗണിക്കാൻ മാറ്റി. നൂറനാട് ചുനക്കര സ്വദേശിക്കു ഫർണിച്ചർ വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് തങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചെന്നും ഇതു മൊബൈലിൽ പകർത്തിയതിനെ തുടർന്ന് പക പോക്കാൻ കള്ളക്കേസ് ചുമത്തി റിമാൻഡ് ചെയ്തെന്നുമാണ് ഹർജിക്കാരുടെ വാദം. നൂറനാട് എസ്.ഐ വി.ആർ. അരുൺ കുമാർ, പൊലീസുകാരായ ഷാനവാസ്, ശ്രീകുമാർ, റജികുമാർ, മനോജ് തുടങ്ങിയവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പൊലീസ് സ്റ്റേഷനിൽ തങ്ങൾക്ക് മർദ്ദനം ഏൽക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങളും തുടർന്ന് പൊലീസുകാർ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും ഹാജരാക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.