
പൊലീസ് ഹർജികൾ ജ. ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ നിന്ന് മാറ്റി
കൊച്ചി: പുതുവർഷത്തിൽ ഹൈക്കോടതി ജഡ്‌ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരും. പൊലീസ് അതിക്രമങ്ങൾ ആരോപിച്ചും, പൊലീസ് സംരക്ഷണം തേടിയുമുള്ള ഹർജികൾ ഇനി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിക്കുക. ഈ ഹർജികൾ പരിഗണിച്ചിരുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ ഇനി പരിഗണിക്കുക ഭൂ നിയമങ്ങൾ, റവന്യൂ റിക്കവറി , സർവേ , രജിസ്ട്രേഷൻ നിയമം തുടങ്ങിയവയായിരിക്കും.
ക്രിസ്മസ് അവധിക്കു ശേഷം ഹൈക്കോടതി തുറക്കുന്ന ജനുവരി മൂന്നു മുതൽ മാറ്റം പ്രാബല്യത്തിൽ വരും. നിശ്ചിത ഇടവേളകളിൽ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തുന്നത് ഹൈക്കോടതിയിലെ ഭരണപരമായ നടപടിയാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചുകൾക്കും മാറ്റം വന്നിട്ടുണ്ട്. ജാമ്യ ഹർജികൾ പരിഗണിച്ചിരുന്ന ജസ്റ്റിസ് വി. ഷെർസിയുടെ ബെഞ്ച് തിരഞ്ഞെടുപ്പു ഹർജികളുൾപ്പെടെയുള്ള വിഷയങ്ങളാണ് ഇനി പരിഗണിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യ ഹർജികൾ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കും. എന്നാൽ, ഈ ബെഞ്ചുകൾ നിലവിൽ പരിഗണിച്ചു കൊണ്ടിരിക്കുന്ന ഹർജികൾ അതേ ബെഞ്ചുകളിൽ തുടരും.