p

കൊച്ചി: പരിഷ്‌കരിച്ച കുർബാന അർപ്പിക്കാൻ വൈദികർക്ക് നിർദ്ദേശം നൽകണമെന്ന സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശം എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ തള്ളി. അൾത്താരാഭിമുഖ കുർബാന നടപ്പാക്കുന്നത് വിവേകപരമാകില്ലെന്ന് ആന്റണി കരിയിൽ കർദ്ദിനാളിനെ അറിയിച്ചു. അതിരൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും മെത്രാന്മാർക്ക് സിനഡ് തീരുമാനിച്ച പരിഷ്‌കരിച്ച കുർബാന അർപ്പിക്കാൻ സൗകര്യമൊരുക്കാൻ വൈദികർക്ക് നിർദ്ദേശം നൽകണമെന്നാണ് കത്തിലൂടെ കർദ്ദിനാൾ ആവശ്യപ്പെട്ടത്. കത്തിന് നൽകിയ മറുപടിയിലാണ് നടപ്പാക്കാൻ കഴിയില്ലെന്ന് ആന്റണി കരിയിൽ വ്യക്തമാക്കിയത്. അൾത്താരാഭിമുഖ കുർബാന അർപ്പിക്കാൻ സൗകര്യം ഒരുക്കിയാൽ ഇടവകകളിലും സ്ഥാപനങ്ങളിലും ക്രമസമാധാനപ്രശ്നങ്ങളുണ്ടാകും. നവംബർ 28 മുതൽ പരിഷ്‌കരിച്ച കുർബാന അർപ്പിക്കണമെന്നാണ് സിനഡ് തീരുമാനിച്ചത്. തീരുമാനം നടപ്പാക്കുന്നതിലെ പ്രശ്നങ്ങൾ വത്തിക്കാനിലെ കർദ്ദിനാൾ സാന്ദ്രിയെ നേരിൽക്കണ്ട് അറിയിച്ചിരുന്നു. കാനോൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പുതിയ കുർബാന അർപ്പിക്കുന്നതിൽ നിന്ന് അതിരൂപതയ്ക്ക് ഇളവ് നൽകിയിരുന്നു. സംഘർഷം ഒഴിവാക്കാൻ മെത്രാന്മാരും വൈദികരും നിലവിലെ രീതി തന്നെ സ്വീകരിച്ച് സഹകരിക്കണമെന്നും കർദ്ദിനാളിനയച്ച കത്തിൽ ആന്റണി കരിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 ക്രിസ്‌മസ് ദിനത്തിൽ ഉപവാസം
പരിഷ്‌കരിച്ച കുർബാനയ്ക്കെതിരെ വൈദികരും വിശ്വാസികളും ക്രിസ്‌മസ് ദിനമായ ഇന്ന് എറണാകുളത്ത് മേജർ ആർച്ച് ബിഷപ്പ് ഹൗസിന് മുമ്പിൽ രാവിലെ 10 മുതൽ 3 വരെ ഉപവസിക്കും. പരിഷ്‌കരിച്ച കുർബാനയെച്ചൊല്ലി സീറോമലബാർ സഭാ നേതൃത്വവും എറണാകുളം അങ്കമാലി അതിരൂപത, ഹരീദാബാദ്, ഇരിങ്ങാലക്കുട രൂപതകളും തമ്മിൽ തർക്കം മുറുകിനിൽക്കെയാണ് കർദ്ദിനാളിന്റെ നിർദ്ദേശം ആർച്ച് ബിഷപ്പ് തള്ളിയത്. പരിഷ്‌കരിച്ച കുർബാന അതിരൂപതയിൽ ആലുവ പ്രസന്നപുരം പള്ളിയിൽ മാത്രമാണ് അർപ്പിക്കുന്നത്.