
കൊച്ചി: മഞ്ഞുപെയ്യുന്ന ഡിസംബർ മാസം സ്വപ്നമാകുന്നു. കാലം തെറ്റിയ മഴയ്ക്ക് പിന്നാലെ വെന്തുരുകി നാടും നഗരവും. രണ്ടാഴ്ച മുമ്പ് വരെ മഴപ്പെയ്ത്ത് ഇപ്പോൾ കൊടുംചൂടിന് വഴിമാറി. പൊള്ളുന്ന ചൂട് മൂലം പകൽനേരത്ത് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന ചൂട് സമീപ ജില്ലകളായ കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അത്രയും എത്തിയില്ലെങ്കിലും തൊട്ടുപിന്നിലുണ്ട് എറണാകുളം ജില്ലയും. നിർമ്മാണ തൊഴിലാളികൾ, ലോട്ടറി വില്പനക്കാർ, ട്രാഫിക് പൊലീസുകാർ എന്നിങ്ങനെ വെയിലേറ്റ് പണിയെടുക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. നഗരത്തിലേതിനെക്കാൾ കൂടുതൽ ചൂട് ജില്ലയുടെ മറ്റ് പ്രദേശങ്ങളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
തുടർച്ചയായുണ്ടായ ന്യൂനമർദ്ദത്തിലൂടെയും മറ്റും ജില്ലയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായ മഴ ലഭിച്ചിരുന്നു. തുലാവർഷം ദുർബലമായതോടെയാണ് പകൽ ചൂട് വർദ്ധിക്കുകയും രാത്രിയും പുലർച്ചെയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നതെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറഞ്ഞു. വരും ദിവസങ്ങളിലും ഇതേ സാഹചര്യം തുടരാനാണ് സാദ്ധ്യത.
ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലാണ് കേരളത്തിൽ സാധാരണ തുലാവർഷ മഴ ലഭിക്കുന്നത്. എന്നാൽ ഇത്തവണ ഡിസംബർ 15ന് ശേഷം മഴ പെയ്തിട്ടില്ല . ജില്ലയിൽ ലഭിക്കേണ്ടതിനേക്കാൾ വളരെ കൂടുതൽ മഴ കഴിഞ്ഞ മാസങ്ങളിലും ഡിസംബർ തുടക്കത്തിലുമായി ലഭിച്ചുകഴിഞ്ഞു.
512.6 മില്ലീമീറ്റർ മഴയാണ് എറണാകുളത്ത് സാധാരണ ലഭിക്കേണ്ടത്. ഇത്തവണ 999.4 മില്ലീമീറ്റർ മഴ ലഭിച്ചു
ചൂടുകാലത്ത് സൂക്ഷിക്കാൻ
• നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം
• പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ കുട ഉപയോഗിക്കണം
• പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുക
• പഴവർഗങ്ങൾ കഴിക്കണം
• ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പ്രഥമ ശുശ്രൂഷയും വൈദ്യ സഹായവും നൽകുക.
തുടർക്കഥയായി വേലിയേറ്റം
വൃശ്ചികം കഴിഞ്ഞിട്ടും തീരപ്രദേശങ്ങളിൽ പലയിടങ്ങളിലും വേലിയേറ്റം തുടരുകയാണ്. പശ്ചിമകൊച്ചിയിലെ വിവിധ പ്രദേശങ്ങൾ, പനമ്പിള്ളി നഗർ, പി ആൻഡ് ടി കോളനി, ഉദയ കോളനി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ വേലിയേറ്റത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച വെള്ളം കയറിയിരുന്നു. തീരദേശത്ത് വൈപ്പിനടക്കമുള്ള പ്രദേശങ്ങളിലും ജനങ്ങൾ ദുരിതത്തിലായി.