sukanya

കൊച്ചി: കേന്ദ്രസർക്കാരി​ന്റെ സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് ഇനി​ വനിതാ ശിശു വികസന വകുപ്പ് ആവശ്യമായ പിന്തുണ നൽകും.

'ബേഠി ബചാവോ ബേഠി പഠാവോ' പദ്ധതിയുടെ ഭാഗമായ സുകന്യ സമൃദ്ധി യോജന നി​ക്ഷേപം പോസ്റ്റൽ വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്.

സേവനം പരമാവധി ആളുകളിൽ എത്തിക്കുന്നതി​ന് വേണ്ടി​ കേന്ദ്രസർക്കാർ നി​ർദ്ദേശപ്രകാരമാണ് സംസ്ഥാന വനി​താ ശി​ശുവി​കസന വകുപ്പും കൈകോർക്കുന്നത്. എല്ലാ വർഷവും അക്കൗണ്ടിലേക്ക് കുറഞ്ഞത് 250 രൂപയെങ്കി​ലും നിക്ഷേപിക്കേണ്ടതുണ്ട്. 2020 ഏപ്രിൽ-ജൂൺ പാദത്തിൽ സുകന്യ സമൃദ്ധി​ പലിശ നിരക്ക് 7.6 ശതമാനമാണ്. 1.5 ലക്ഷം രൂപ വരെ നികുതിയിൽ നിന്ന് ഒഴിവാകുകയും ചെയ്യും.

സുകന്യ സമൃദ്ധി യോജന

10 വയസ് തികയും മുമ്പ് പെൺകുട്ടികളുടെ പേരി​ൽ അക്കൗണ്ട് ആരംഭിക്കാം. ഒരു കുടുംബത്തിൽ നിന്ന് രണ്ട് പേർക്കെന്ന പരി​ധി​യുമുണ്ട്. 250 രൂപയാണ് മി​നി​മം വാർഷി​ക നിക്ഷേപം. പരമാവധി 1,50,000 രൂപയും. പെൺകുട്ടിക്ക് 15 വയസുവരെ നി​ക്ഷേപം തുടരാം. 21 വയസാകുമ്പോൾ കാലാവധി പൂർത്തിയാകും. 18 വയസ് മുതൽ പെൺകുട്ടിക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാം.

ഉന്നത വിദ്യാഭ്യാസത്തിനായി കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഒരു സാമ്പത്തിക വർഷത്തിൽ ഒരു തവണ എന്ന ക്രമത്തിൽ പരമാവധി 50 ശതമാനം പിൻവലിക്കാം.

കാലാവധി പൂർത്തിയാകുമ്പോൾ പെൺകുട്ടിക്ക് മാത്രമേ പണം നൽകൂ. 21 വയസിനു മുമ്പ് കുട്ടിയുടെ വിവാഹ ആവശ്യത്തിനു വേണ്ടി അക്കൗണ്ട് ക്ലോസ് ചെയ്യാം.