exam

ആലുവ: അവധിക്കാലത്ത് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നാഷണൽ സർവീസ് സ്‌കീം ക്യാമ്പുകൾ പ്രഖ്യാപിച്ചതോടെ പ്ലസ് ടു വിദ്യാർത്ഥികൾ ആശങ്കയിൽ. ജനുവരി മുതൽ ആരംഭിക്കുന്ന നിരവധി പ്രവേശന പരീക്ഷകൾ, പ്ലസ് വൺ ഇംപ്രൂമെന്റ് പരീക്ഷ, മാർച്ചിലെ രണ്ടാം വർഷ പരീക്ഷ എന്നിവയ്ക്ക് ആവശ്യമായ സമയം ഇല്ലെന്നിരിക്കെയാണ് ക്യാമ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

എൻ.എസ്.എസ് വാളണ്ടിയർമാരായ പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് സഹവാസ ക്യാമ്പുകളിൽ നിർബന്ധിതമായി പങ്കെടുക്കേണ്ടത്. ഓരോ ക്ലാസിൽ നിന്നും 30 - 40 ശതമാനത്തോളം പേരാണ് അംഗങ്ങളായുള്ളത്.

ഓഫ് ലൈൻ പ്ലസ് വൺ ക്ലാസുകളും ഈ അദ്ധ്യയന വർഷമാണ് ആരംഭിച്ചത്. പ്ലസ് വൺ പരീക്ഷയും ഈ വർഷമാണ് നടന്നത്. ഓൺലൈൻ പഠനം കാര്യക്ഷമമല്ലാതിരുന്നതിനാൽ പ്ലസ് വൺ പരീക്ഷയിൽ വേണ്ട നിലവാരം പുലർത്താനും പലർക്കും സാധിച്ചില്ല. ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും എൻട്രൻസ് പരീക്ഷകൾക്കും ഒരുങ്ങാൻ അവധിക്കാലം ഉപയോഗിക്കാമെന്ന് കരുതിയവർക്കാണ് എൻ.എസ്.എസ് ക്യാമ്പ് ഇപ്പോൾ തടസമായിരിക്കുന്നത്.

ജനുവരി രണ്ടിനാണ് ദേശീയ തലത്തിൽ ബാച്ചിലർ ഒഫ് ഡിസൈൻ പ്രവേശന പരീക്ഷ ആരംഭിക്കുന്നത്. തുടർന്ന് നിഫ്റ്റ്, കേരളത്തിന് അകത്തും പുറത്തുമുള്ള സർവകലാശാലകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളും ആരംഭിക്കും. മെഡിക്കൽ, എൻജിനിയറിംഗ് പരീക്ഷകളെപ്പോലെ സർവകലാശാലകളും കോളേജുകളും പ്രവേശന പരീക്ഷ നടത്തിയാണ് അഡ്മിഷൻ നൽകുന്നത്. ഇതിൽ പരാജയപ്പെട്ടാൽ ഒരു വർഷമാണ് കുട്ടികൾക്ക് നഷ്ടപ്പെടുക. ഈ സാഹചര്യത്തിൽ സഹവാസ ക്യാമ്പുകൾ മൂന്ന് ദിവസമായെങ്കിലും കുറയ്ക്കണമെന്നാണ് ആവശ്യം.