
കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ പ്രാഥമിക പരിശോധനയ്ക്ക് പുറമേ വിശദമായ പരിശോധന നടത്താൻ ഡോക്ടർമാർക്ക് അനുമതി നൽകുന്ന പുതിയ ഉത്തരവിറക്കാൻ രണ്ടു മാസം കൂടി സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. മലപ്പുറം താനൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.കെ. പ്രതിഭയുടെ ഹർജിയിൽ രണ്ടു മാസത്തിനുള്ളിൽ ഉത്തരവു നൽകാൻ ഒക്ടോബറിൽ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഡിസംബർ 26ന് ഈ സമയപരിധി അവസാനിക്കുമെന്നതിനാൽ ഉത്തരവിന് കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം.പി പ്രിയമോളാണ് സത്യവാങ്മൂലം നൽകിയത്.
പുതിയ ഉത്തരവിനുവേണ്ടി തയ്യാറാക്കിയ കരടിന്റെ സൂക്ഷ്മ പരിശോധന നടക്കുകയാണെന്നും ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സമയം തേടിയത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുന്ന പ്രതികളുടെ വൃക്കകളുടെ പ്രവർത്തനമുൾപ്പെടെ വിശദമായി പരിശോധിക്കണമെന്ന് വ്യക്തമാക്കി ജൂൺ നാലിന് ആരോഗ്യ വകുപ്പ് ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇതിൽ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്ന് പരാതിയുയർന്നതോടെ ഇനിയൊരു ഉത്തരവുണ്ടാകും വരെ ഇതു പാലിക്കേണ്ടതില്ലെന്ന് ജൂലായ് 14ന് മറ്റൊരു സർക്കുലർ പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ വിശദമായ പരിശോധനയ്ക്ക് നടപടികൾ ആവശ്യപ്പെട്ട് ഡോ. പ്രതിഭ ഹൈക്കോടതിയെ സമീപിച്ചത്.