ആലുവ: സ്ത്രീകളെ ബഹുമാനിക്കുന്നവരായി ആൺകുട്ടികളെ വളർത്തിയെടുക്കുന്ന കുടുംബപാരമ്പര്യം വീണ്ടെടുക്കുകയെന്നതാണ് സ്ത്രീകൾക്ക് നേരെയുള്ള അക്രമം തടയാനുള്ള മാർഗമെന്ന് ചലച്ചിത്ര നടി കെ.പി.എ.സി ലീല അഭിപ്രായപ്പെട്ടു. ആലുവ സംഗീതസഭ (ടാസ്) സംഘടിപ്പിച്ച സ്ത്രീശാക്തീകരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംഗീതസഭ ഉപാധ്യക്ഷൻ കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർ മുഖ്യാതിഥിയായിരുന്നു. സി.എൻ.കെ. മാരാർ, ബേബി കരുവേലിൽ, ജയൻ മാലിൽ, കെ.ജി. മണികണ്ഠൻ, ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ, സദാനന്ദൻ പാറാശേരി, രാജശ്രീ പന്തപ്പിള്ളി എന്നിവർ സംസാരിച്ചു.
കെ.പി.എ.സി ലീല, സാമൂഹ്യ പ്രവർത്തക ദേവി അശോകൻ, മജീഷ്യ അനൂജ വടക്കേടത്ത്, താഹിറ അസീസ് എന്നിവരെ ആദരിച്ചു. കവിതാമത്സര വിജയികളായ ശ്രീകല സുഖാദിയ, വത്സമ്മാ ജോസഫ്, പി.എച്ച്. ശ്രീജ എന്നിവർക്ക് സമ്മാനങ്ങൾ നൽകി.