കൊച്ചി: കേക്കിന്റെ മധുരവുമായി ലാലു വീണ്ടും രുചിയുടെ ലോകത്തേക്ക് തിരിച്ചെത്തി. ശ്വാസനാളത്തിലെ കാൻസർ ചികിത്സയുടെ ഭാഗമായി അന്നനാളം പൂർണമായും അടഞ്ഞ് ലാലു ഒരുവർഷമായി ചികിത്സയിലായിരുന്നു. ഒരു വർഷമായി ആമാശയത്തിലേക്ക് നേരിട്ട് ഘടിപ്പിച്ച ട്യൂബ് വഴി ഭക്ഷണം നൽകിയാണ് കോട്ടയം കൊഴുവനാൽ പുളിയമാനായിൽ ലാലുവിന്റെ (50) ജീവൻ നിലനിർത്തിയിരുന്നത്. എറണാകുളം ലിസി ആശുപത്രിയിൽ നടന്ന 'പോയട്രെ' എന്ന അതിസങ്കീർണ്ണമായ എൻഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെയാണ് വീണ്ടും ലാലു രുചിയുടെ ലോകത്തേക്ക് തിരിച്ചെത്തിയത്. ഒരു മാസം മുമ്പാണ് എറണാകുളം ലിസി ആശുപത്രിയിലെത്തിയത്. ലിസി ആശുപത്രിയിലെ ഗാസ്‌ട്രോഎന്ററോളോജി വിഭാഗം തലവൻ ഡോ. മാത്യു ഫിലിപ്പിന്റെ മേൽനോട്ടത്തിൽ ഡോ. പ്രകാശ് സക്കറിയാസ് ആണ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. കേക്ക് മുറിച്ച് മധുരം പങ്കിട്ടും സമ്മാനങ്ങൾ നൽകിയുമാണ് ലാലുവിനെ ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്.