കാക്കനാട് : കേന്ദ്രീയ വിദ്യാലയത്തിനായി താത്കാലികമായി കാക്കനാട് എം.എ. അബൂബക്കർ മെമ്മോറിയൽ ഗവ. എൽ.പി സ്കൂൾ വിട്ടു കൊടുക്കുന്നതു പ്രായോഗികമല്ലെന്ന് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇതു കളക്ടർ പൊതു വിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ അനുമതിയില്ലാതെ ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടാവില്ലെന്നും അഭിഭാഷകൻ ഉറപ്പു നൽകി.
കേന്ദ്രീയ വിദ്യാലയത്തിനായി സ്കൂൾ വിട്ടു കൊടുക്കുന്നതിനെതിരെ സ്കൂളിലെ പി.ടി.എ അധികൃതർ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സ്കൂൾ വിട്ടുകൊടുക്കുന്നത് ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് രാജ വിജയരാഘവൻ ഹർജി ജനുവരി പത്തിനു പരിഗണിക്കാൻ മാറ്റി. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്കൂൾ ഏറ്റെടുക്കുന്നതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
1958 ൽ കാക്കനാട് - മൂവാറ്റുപുഴ റോഡിൽ പാട്ടുപുര ദേവീക്ഷേത്രത്തിന്റെ തെക്കുവശത്ത് ആരംഭിച്ച സ്കൂൾ വളർച്ചയുടെ പടിയിൽ നിൽക്കുമ്പോഴാണ് കേന്ദ്രീയ വിദ്യാലയത്തിനുവേണ്ടി താത്കാലികമായി വിട്ടു കൊടുക്കാൻ നീക്കം തുടങ്ങിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ജില്ലാ ആസ്ഥാനമായ കാക്കനാട് കേന്ദ്രീയ വിദ്യാലയം ആരംഭിക്കാൻ കേന്ദ്ര സർക്കാർ 2019 ൽ അനുമതി നൽകിയെങ്കിലും സ്ഥലം കണ്ടെത്തുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായി. മാസങ്ങൾക്ക് മുമ്പാണ് അത്താണി മില്ലുംപടിക്ക് സമീപം എട്ട് ഏക്കർ റവന്യു പുറമ്പോക്ക് കേന്ദ്രീയ വിദ്യാലയത്തിനായി കണ്ടെത്തിയത്. ഇതു ചതുപ്പു നിലമായതിനാലും ഇവിടേക്ക് റോഡ് നിർമ്മിക്കേണ്ടതിനാലും അതുവരെ താത്കാലികമായി കേന്ദ്രീയ വിദ്യാലയം നടത്താനാണ് കാക്കനാട് എം.എ. അബൂബക്കർ മെമ്മോറിയൽ ഗവ. എൽ.പി സ്കൂൾ ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.