പറവൂർ: ''ഞങ്ങൾ പഠിക്കാൻ ചേർന്നത് കോളേജിലാണ്. ട്യൂഷൻ സെന്ററിനേക്കാൾ കുറഞ്ഞ സൗകര്യമാണുള്ളത്, കലാ - കായിക വിനോദങ്ങൾക്കായി സ്ഥലമില്ല, ലാബുകൾ ഇടുങ്ങിയ മുറകളിലാണ്, എത്രനാൾ കഴിഞ്ഞാൽ ഇതിനൊരു മാറ്റമുണ്ടാകും'' ഇതെല്ലാം ചോദിക്കുന്നത് സർക്കാർ നിയന്ത്രണത്തിലുള്ള പുത്തൻവേലിക്കര ഐ.എച്ച.ആർ.ഡി കോളേജിലെ വിദ്യാർത്ഥികളാണ്. ചോദിക്കാൻ കാരണങ്ങളുമുണ്ട്. വർഷങ്ങളായി സ്വകാര്യവ്യക്തികളുടെ ഷോപ്പിംഗ് കോംപ്ളക്സിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്ന ഇരുനൂറിലധികം വിദ്യാർത്ഥികളുണ്ട്. അടുത്തവർഷം എല്ലാ സൗകര്യങ്ങളോടുകൂടിയ കോളേജ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച നിരവധി വിദ്യാർത്ഥികൾക്ക് പരിമിതമായ സൗകര്യത്തിൽ പഠനം പൂർത്തിയാക്കേണ്ടിവന്നു. പതിനൊന്നുവർഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർക്ക് നാട്ടിൽ ആകെയുള്ള കോളേജിന് സ്ഥലം കണ്ടെത്താനോ കെട്ടിടം നിർമ്മിക്കാനോ സാധിച്ചിട്ടില്ല.
കാർഷിക ഗ്രാമമായ പുത്തൻവേലിക്കരയിൽ കോളേജിന് അനുമതി ലഭിച്ചെന്ന വാർത്ത സന്തോഷത്തോടെയാണ് നാട്ടുകാർ ഏറ്റെടുത്തത്. 2010 എം.ജി സർവകലാശാലയുടെ അംഗീകാരത്തോടെ കോളേജ് ആരംഭിച്ചു. ആദ്യം പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് പ്രവർത്തനം. 2014ൽ ആണ് ഷോപ്പിംഗ് കോംപ്ലക്സിലേക്ക് കോളേജ് മാറ്റിയത്.
ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്‌സി ഇലക്ട്രോണിക്സ്, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലെ 9 ബാച്ചുകളിലായി 215 കുട്ടികളാണ് ആകെയുള്ളത്. 75 ശതമാനംപേരും ഫീസ് ഇല്ലാതെ പഠിക്കുന്നവരാണ്.
ക്ലാസ്‌മുറികളും കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ലാബുകളും ഓഫീസും ലൈബ്രറിയും കടമുറികളാണ്. കോംപ്ലക്സിലെ പരിമിതമായ ശൗചാലയങ്ങൾ മാത്രമേ കുട്ടികൾക്കുമുള്ളൂ.. മൈതാനം, ഓഡിറ്റോറിയം എന്നിവയില്ല. സ്വകാര്യ കെട്ടിടത്തിന് മാസം 40,000 രൂപ വാടക. കെട്ടിടമില്ലാത്തതിനാൽ പി.ജി. കോഴ്സ് തുടങ്ങാൻ കഴിഞ്ഞട്ടില്ല.
മാനാഞ്ചേരിക്കുന്നിലെ പഞ്ചായത്തിന്റെ സ്ഥലത്തുനിന്ന് 50 സെന്റ് കോളജിന് വിട്ടുകൊടുക്കാനുള്ള ഭരണസമിതിയുടെ തീരുമാനം സർക്കാരിലേക്ക് നൽകിയെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. സ്ഥലം പഞ്ചായത്തിന്റെ അധീനതയിൽ വച്ചുകൊണ്ടുതന്നെ കോളേജിന് കെട്ടിടം നിർമ്മിക്കാുള്ള ശ്രമവും ഫലംകണ്ടില്ല.