
കൊച്ചി: കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനെയും അംഗങ്ങളെയും ശുപാർശ ചെയ്യുന്നത് ചാൻസലറാണെന്നും, ഇതനുസരിച്ച് നിയമനം നടത്താനുള്ള അധികാരം സിൻഡിക്കേറ്റിനാണെന്നും ഗവർണർ ഹൈക്കോടതിയിൽ അറിയിച്ചു. ചാൻസലർ കൂടിയായ ഗവർണറുടെ അധികാരം മറികടന്നാണ് ബോർഡ് ഒഫ് സ്റ്റഡീസിലെ അംഗങ്ങളെ നിയമിച്ചതെന്നും യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകിയെന്നുമുള്ള അപ്പീലിലിന്മേലാണിത്.
സർവകലാശാല സെനറ്റംഗം വി.വിജയകുമാർ നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചാൻസലറുടെ വിശദീകരണം തേടിയിരുന്നു.
കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഒഫ് സ്റ്റഡീസ് പുന:സംഘടിപ്പിച്ച ആഗസ്റ്റ് 11ലെ ഉത്തരവിനെതിരെ വിജയകുമാർ നൽകിയ ഹർജി നേരത്തെ സിംഗിൾബെഞ്ച് തള്ളിയതിനെ ചോദ്യം ചെയ്താണ് അപ്പീൽ. ചാൻസലറുടെ ശുപാർശയില്ലാതെ ബോർഡ് ഒഫ് സ്റ്റഡീസിലേക്ക് അംഗങ്ങളെ വൈസ് ചാൻസലർ നിയമിച്ചത്
നിയമ വിരുദ്ധമാണെന്നുമാണ് അപ്പീലിലെ വാദം. ഇതേക്കുറിച്ച് ഗവർണറുടെ വിശദീകരണത്തിൽ ഒന്നും പറയുന്നില്ല. ബോർഡ് ഒഫ് സ്റ്റഡീസിലെ അംഗങ്ങളെ നിയമിക്കാൻ മുമ്പ് വൈസ് ചാൻസലർമാർ ഗവർണർക്ക് ശുപാർശ നൽകിയിരുന്നെന്ന് വ്യക്തമാക്കിയിട്ടുണ്ട്.