കൊച്ചി: രാജ്യത്തെ ആദ്യമായി ബൈപ്പാസ് സർജറി ആരംഭിച്ച ജില്ലാ ആശുപത്രി എന്ന നേട്ടത്തിന് പിന്നാലെ എറണാകുളം ജനറൽ ആശുപത്രിക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ. ക്യു.എ.എസ്) അംഗീകാരം വീണ്ടും ലഭിച്ചു. 91.4 ശതമാനം സ്‌കോറോടെയാണ് നേട്ടം. ജില്ലയിലെ 11 സർക്കാർ ആരോഗ്യകേന്ദ്രങ്ങൾക്കും ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. രോഗികൾക്കുള്ള സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് നിർണയം.
ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങളെയാണ് അംഗീകാരത്തിന് പരിഗണിക്കുക.
കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായായിരുന്നു വിലയിരുത്തൽ. ഒരു വർഷത്തിനിടെ ടീം ആശുപത്രികൾ സന്ദർശിക്കും. ഇതോടെ രണ്ട് ആശുപത്രികൾക്കും എൻ.ക്യു.എ.എസ് ഇൻസെന്റീവ് തുടർന്നും ലഭ്യമാകും. ഒരു ബെഡിന് പതിനായിരം രൂപ എന്ന നിലയിലാണ് ഇൻസെന്റീവ് .
സ്വകാര്യ ആശുപത്രിയുടെ പകിട്ടിൽ
സ്വകാര്യ ആശുപത്രി സംവിധാനങ്ങളോട് കിടപിടിക്കുന്നതാണ് ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ. 783 കിടക്കകളാണ് ജനറൽ ആശുപത്രിയിലുള്ളത്. 24 മണിക്കൂർ അത്യാഹിത വിഭാഗം, ഹൃദ്രോഗ വിഭാഗം, നെഫ്രോളജി, നേത്രരോഗം, അസ്ഥിരോഗം, മാനസികരോഗം, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങിയ വിഭാഗങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചു പോരുന്നു. സ്‌പെഷ്യൽ സേവനങ്ങളായ ലാപ്രോസ്‌കോപിക് സർജറി, കാൻസർ വിഭാഗം, റേഡിയോ തെറാപ്പി, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്കു പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും ആശുപത്രിയിൽ ആരംഭിച്ചത്.
വാൽവ് മാറ്റിവെക്കൽ, ജന്മനായുള്ള ഹൃദയ തകരാറുകൾ, ശ്വാസകോശ രോഗങ്ങൾ മുതലായവ പരിഹരിക്കുന്നതിനും ജനറൽ ആശുപത്രി സജ്ജമാക്കും.
അംഗീകാരം ലഭിച്ച മറ്റ്
സ്ഥാപനങ്ങൾ
• സി.എച്ച്.സി പണ്ടപ്പിള്ളി • കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രം • കുടുംബാരോഗ്യകേന്ദ്രം വാഴക്കുളം • കുടുംബാരോഗ്യകേന്ദ്രം പായിപ്ര • പ്രാഥമികാരോഗ്യകേന്ദ്രം കോട്ടപടി • കുടുംബാരോഗ്യകേന്ദ്രം മണീട് • നഗരപ്രാഥമികാരോഗ്യകേന്ദ്രങ്ങളായ തൃക്കാക്കര • തൃപ്പൂണിത്തുറ • മൂലംകുഴി • തമ്മനം • കളമശേരി.