raji-santhosh
ചൂർണിക്കര പഞ്ചായത്തിന് നൽകുന്ന പത്ത് സെന്റ് ഭൂമിയുടെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന് കൊടികുത്തുമല പെട്ട വീട്ടിൽ ജിമ്മി വർഗീസ് കൈമാറുന്നു

ആലുവ: നിർദ്ധന കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാൻ പത്തുസെന്റ് ഭൂമി സൗജന്യമായി നൽകി ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡിൽ കൊടികുത്തുമല പെട്ടവീട്ടിൽ ജിമ്മി വർഗീസിന്റെ ക്രിസ്മസ് - പുതുവത്സരസമ്മാനം.

അശോകപുരം ടാലന്റ് സ്‌കൂളിന് സമീപം ജിമ്മിയുടെ പേരിലുള്ള പത്തുസെന്റ് സ്ഥലമാണ് ഇന്നലെ ആലുവ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ചൂർണിക്കര പഞ്ചായത്തിന് ആധാരംചെയ്ത് നൽകിയത്. പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ പരിഗണനയിലുള്ള എട്ട് കുടുംബങ്ങൾക്ക് ഇവിടെ വീട് നിർമ്മിച്ച് നൽകുമെന്ന് പ്രസിഡന്റ് രാജി സന്തോഷ് അറിയിച്ചു.

കമ്പനികളുടെ സിവിൽ, ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്നയാളാണ് ജിമ്മി വർഗീസ്. വാർഡ് മെമ്പർ സി.പി. നൗഷാദാണ് സ്ഥലം നൽകാനുള്ള അഭ്യർത്ഥന ആദ്യം ഉന്നയിച്ചത്. പിന്നാലെ പഞ്ചായത്ത് പ്രസിഡന്റും ജിമ്മിയുമായി സംസാരിച്ചു. തുടർന്നാണ് ജീവിതത്തിൽ പാവപ്പെട്ടവർക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചിരുന്ന ജിമ്മി വർഗീസ് 10 സെന്റ് സ്ഥലം സൗജന്യമായി നൽകാമെന്ന് അറിയിച്ചത്.

തുടർന്ന് പഞ്ചായത്ത് കമ്മിറ്റി സ്ഥലം നിർദ്ധനർക്ക് വീടുനിർമ്മിച്ച് കൊടുക്കുവാൻ തീരുമാനിച്ചു. പഞ്ചായത്തിന് സ്ഥലം കൈമാറിയതിന്റെ രേഖകൾ ജിമ്മി വർഗീസ് ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന് കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക്, മെമ്പർ സി.പി. നൗഷാദ്, ആധാരം എഴുത്തുകാരൻ എ.കെ. അനിൽകുമാർ പിഷാരത്ത് എന്നിവരും പങ്കെടുത്തു. ജിമ്മി വർഗീസിന്റെ നന്മനിറഞ്ഞ പ്രവൃത്തി മനസിലാക്കി സ്റ്റാമ്പ് പേപ്പർ സൗജന്യമായി നൽകിയ അനിൽകുമാർ ആധാരമെഴുത്ത് ഫീസും വാങ്ങിയില്ല.