
കൊച്ചി: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പി.വി. അൻവർ എം.എൽ.എയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ മിച്ചഭൂമിയുണ്ടെങ്കിൽ കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ എപ്പോൾ പൂർത്തിയാക്കുമെന്നറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. വിവരാവകാശ പ്രവർത്തകനായ കെ.വി. ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.
ഹർജി ജനുവരി നാലിന് വീണ്ടും പരിഗണിക്കും മുമ്പ് ഇക്കാര്യം അറിയിക്കണം. പി.വി. അൻവറും കുടുംബാംഗങ്ങളും ഭൂപരിഷ്കരണ നിയമം ലംഘിച്ച് വൻതോതിൽ ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന ഹർജിയിൽ, മിച്ചഭൂമിയുണ്ടെങ്കിൽ കണ്ടെത്തി ആറു മാസത്തിനകം പിടിച്ചെടുക്കാൻ ഹൈക്കോടതി മാർച്ച് 24ന് ഉത്തരവിട്ടിരുന്നു. സമയപരിധി കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹർജി. മിച്ചഭൂമി കണ്ടെത്താനുള്ള പരിശോധന പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ സത്യവാങ്മൂലം നൽകിയിരുന്നു. ഇതു തള്ളിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പി.വി. അൻവർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രികയ്ക്കൊപ്പം നൽകിയ വിശദീകരണത്തിൽ ഭൂസ്വത്ത് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ,ഇതു പരിശോധിച്ചാൽ തന്നെ മിച്ചഭൂമിയുണ്ടെന്ന് വ്യക്തമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.