വൈപ്പിൻ: മാനവികതയുടെയും സൗഹാർദ്ദത്തിന്റെയും സന്ദേശവുമായി ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായ 'സാന്തക്കൊപ്പം നടക്കൂ' കരോൾ നിശാ പരിപാടികൾ അത്യാകർഷകമായി. റോഡിനിരുവശവും തിങ്ങിക്കൂടിയ ജനങ്ങൾക്കിടയിലൂടെ 101 സാന്താ ക്ലോസുമാരാണ് വളപ്പ് ബീച്ചിലേക്ക് നടന്നത്. നിത്യസഹായമാതാ പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച പരിപാടി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. കുഞ്ഞു സാന്താമാർ ആദ്യം നടന്നു. തുടർന്ന് 101-ാമത്തെ സാന്തയായി ഫാ. റോണി ജോസഫ് മനക്കിലും എത്തി. സ്നേഹസംഗമമാണ് ഫോക്‌ലോർ ഫെസ്റ്റും അതിന്റെ ഭാഗമായ സാന്തയ്ക്കൊപ്പം നടത്തം പരിപാടിയുമെന്ന് ഫാ. ഫെലിക്സ് ചക്കാലക്കൽ പറഞ്ഞു. വളപ്പ് ബീച്ചിൽ കരോൾ പരിപാടിയും നടന്നു. ഗ്രേറ്റർ കൊച്ചിൻ കൾച്ചറൽ ഫോറത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ഫോറം പ്രസിഡന്റ് ഷൈൻ ആന്റണി നേതൃത്വം നൽകി.