കൊച്ചി: കേരള മീഡിയ അക്കാഡമി മാദ്ധ്യമോത്സവം ഇന്ന് മുതൽ 28 വരെ കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കും. 27ന് വൈകിട്ട് 5.30ന് മാദ്ധ്യമ പ്രതിഭാ സംഗമം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. 2018, 2019 വർഷങ്ങളിലെ അക്കാഡമിയുടെ മാദ്ധ്യമ അവാർഡ് വി​തരണവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ കോഴ്സ് കോൺവൊക്കേഷനും ഗവർണർ നിർവ്വഹിക്കും.

അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ദീപു രവി ഗവർണർക്ക് ഉപഹാരം സമർപ്പിക്കും. പി.ആർ.ഡി ഡയറക്ടർ ഹരി കിഷോർ, മാദ്ധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ, എം. വിൻസന്റ് എം.എൽ.എ, യുവജന കമ്മിഷൻ അദ്ധ്യക്ഷ ഡോ. ചിന്ത ജെറോം, അക്കാഡമി അസി. സെക്രട്ടറി കല.കെ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം.ശങ്കർ എന്നിവർ സംസാരിക്കും.

ഡിസംബർ 26ന് നടക്കുന്ന മാദ്ധ്യമജാലകം ഉത്സവസായാഹ്നം മുൻ സാംസ്‌കാരിക മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞൻ രമേഷ് നാരായൺ മുഖ്യാതിഥിയാകും. സ്വരലയ ചെയർമാൻ രാജ്മോഹൻ, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെളളിമംഗലം, ദൂരദർശൻ ഡയറക്ടർ ഇൻ ചാർജ് കെ.ആർ.ബീന എന്നിവർ പങ്കെടുക്കും. തോമസ് ജേക്കബ് (മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ, മീഡിയ അക്കാഡമി മുൻ ചെയർമാൻ), ഡോ.സെബാസ്റ്റ്യൻ പോൾ, എസ്.ഡി.പ്രിൻസ് (മാദ്ധ്യമഭാഷാ വിദഗ്ദ്ധൻ) എന്നിവരെ ആദരിക്കും.