വൈപ്പിൻ: കുഴുപ്പിള്ളി ബീച്ചിന് പുതുജീവൻ പകർന്ന് വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായ കുടുംബശ്രീ ഭക്ഷ്യവിപണനമേള. കുടുംബശ്രീ നേതൃത്വത്തിലുള്ള ഒമ്പത് വിപണന സ്റ്റാളുകളും കഫെ കുടുംബശ്രീ എന്ന പേരിലുള്ള ഭക്ഷ്യമേളസ്റ്റാളും എഴുത്തുകാരി തസ്മി ഷിഹാബ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നത് സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുമെന്നും ഈ ദിശയിൽ നിസ്തുലമായ സേവനമാണ് കുടുംബശ്രീയുടേതെന്നും അവർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ അദ്ധ്യക്ഷനായി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ എസ്. രഞ്ജിനി, സഹകരണബാങ്ക് പ്രസിഡന്റ് എം.സി. സുനിൽകുമാർ, സി.ഡി.എസ് അദ്ധ്യക്ഷ ലളിത രമേശൻ, ഒ.കെ. കൃഷ്ണകുമാർ, എൻ.എസ്. സൂരജ് എന്നിവർ സംസാരിച്ചു. 31വരെ തുടരുന്ന മേളയ്ക്കൊപ്പം ബീച്ചിൽ സജ്ജമാക്കിയ സ്റ്റേജിൽ ദിവസവും കലാപരിപാടികളുമുണ്ടാകും.