വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ തീരദേശമേഖലയായ ഒന്നാംവാർഡിൽ വെള്ളപ്പൊക്കദുരിതം തുടരുന്നു. മുൻവർഷങ്ങളിൽ വൃശ്ചികമാസ വെള്ളക്കയറ്റം ഉണ്ടാകാറുണ്ടെങ്കിലും ഈ വർഷം തുടങ്ങിയ വേലിയേറ്റദുരിതം ഒരുമാസം കഴിഞ്ഞിട്ടും തുടരുകയാണ്.
ഒരേസമയം കടലിലും തോടുകളിലും നിന്ന് വീടുകളിൽ വെള്ളം കയറുന്നതിനാൽ ദുരിതബാധിതർ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരിക്കുകയാണ്. വെള്ളക്കെട്ടിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുകുന്നതിനാൽ പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. തോടിനുചുറ്റും സംരക്ഷണഭിത്തികെട്ടി വീടുകളിൽ വെള്ളം കയറുന്നത് തടയണമെന്ന് വാർഡ് മെമ്പർ സഷീജ് മങ്ങാടൻ ഇറിഗേഷൻ വകുപ്പിന് നിവേദനം നൽകി.