മൂവാറ്റുപുഴ: ഭൂമാഫിയ ഇടിച്ചുനിരത്തിയ എള്ളുമലയേയും മയ്യുണ്ണിമലയേയും സംബന്ധിച്ച് റിപ്പോർട്ട് ആർ.ഡി.ഒയോട് റവന്യൂമന്ത്രി കെ.രാജൻ ആവശ്യപ്പെട്ടതായി എൽ.ഡി.എഫ് നേതാക്കൾ അറിയിച്ചു. സി.പി.എം പായിപ്ര ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത് എന്നിവർ മന്ത്രിക്ക് നേരിട്ട് പരാതി സമർപ്പിച്ചതോടെയാണ് അടിയന്തര നടപടിക്ക് നിർദ്ദേശം നൽകിയത്.
40 ഏക്കറോളം വരുന്ന എള്ളുമല കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലെ മുളവൂർ, അശമന്നൂർ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. മുളവൂർ വില്ലേജിൽപ്പെട്ട 2ഏക്കറോളം വരുന്ന മയ്യുണ്ണി മലയും ഭൂമാഫിയ ഇടിച്ചുനിരത്തി മണ്ണ് കടത്തി. പ്രകൃതി സന്തുലിതാവസ്ഥ പിടിച്ചുനിർത്തുന്ന ഈ മലകൾ ഇടിച്ചുനിരത്തുവാൻ അനുവാദം നൽകിയവർ ആരായാലും അവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് ആവശ്യം. മൈനിംഗ് ആൻഡ് ജിയോളജി, റവന്യൂ, പൊലീസ്, തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മല ഇടിച്ചുനിരത്തിയത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മാഫിയാസംഘത്തെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഇടിച്ചുനിരത്തിയ മല അളന്ന് തിട്ടപ്പെടുത്തി സർക്കാരിലേക്ക് നിയമപരമായി അടക്കേണ്ട പിഴ അടപ്പിക്കണം. ഒരാഴ്ച തുടർച്ചയായി മലയിടിച്ചുനിരത്തിയിട്ടും അധികാരികളാരും തിരിഞ്ഞു നോക്കിയില്ലെന്ന് മന്ത്രിയെ നേതാക്കൾ ബോദ്ധ്യപ്പെടുത്തി. മൈനിംഗ് ആൻഡ് ജിയോളജി, റവന്യു , പൊലീസ് , പഞ്ചായത്ത് വകുപ്പുകൾ അറിഞ്ഞില്ലെന്നാണ് പറയുന്നതെന്ന് ആർ. സുകുമാരൻ പറഞ്ഞു.