mdma

കൊച്ചി: ജ്യൂസ്, പാനിപ്പൂരി പാക്കറ്റുകളിൽ ഒളിപ്പിച്ച് ട്രെയിനിൽ കടത്തിയ മൂന്ന് കിലോ എം.ഡി.എം.എ (മെത്താലിൻ ഡയോക്‌സി മെത്താഫെറ്റമിൻ) മയക്കുമരുന്നുമായി കായിക താരവും സുഹൃത്തും എക്സൈസ് ഇന്റലിജൻസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി സൈനുലാബ്ദ്ദീൻ (23), ഹാ‌മർത്രോ ദേശീയ ചാമ്പ്യനായ കൊടുങ്ങല്ലൂർ ടി.കെ.എസ്. പുരം കളപ്പുരയ്ക്കൽ രാഹുൽ സുഭാഷ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പിടികൂടിയത്. മംഗള– ലക്ഷദ്വീപ് എക്‌സ്‌പ്രസിൽ ഡൽഹിയിൽ നിന്ന് കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. മൂന്ന് കോടി വിലമതിക്കും.

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ നിന്ന് ലഹരിമരുന്നുമായി ഏതാനും യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് ലഹരിക്കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. ഡൽഹിയിൽ നിന്ന് ട്രെയിനിൽ കയറിയ ഇരുവരേയും അയ്യപ്പഭക്തരുടെ വേഷത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നു. ജ്യൂസ് പാക്കറ്റുകളിൽ മയക്കുമരുന്നാണെന്ന് ഉറപ്പായതോടെ അയ്യപ്പഭക്തരുടെ വേഷത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ തൃശൂരിൽ നിന്ന് ട്രെയിനിൽ കയറി. സ്‌ളീപ്പർ കോച്ചിലായിരുന്നു പ്രതികൾ. മയക്കുമരുന്ന് അടങ്ങിയ ബാഗ് മറ്റൊരിടത്തായിരുന്നു. ആലുവയെത്തിയപ്പോൾ ബാഗുമായി പ്‌ളാറ്റ്‌ഫോമിൽ ഇറങ്ങിയ ഉടനെ പിടികൂടുകയായിരുന്നു.

ജ്യൂസ്, പാനിപ്പൂരി പാക്കറ്റുകളുടെ അടിഭാഗം തുറന്ന് എം.ഡി.എം.എ പൊതികൾ ഒളിപ്പിച്ച് പശവച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. ജ്യൂസ് പാക്കറ്റുമായി ട്രെയിനിൽ യാത്ര ചെയ്താൽ പിടിക്കപ്പെടില്ലെന്നായി​രുന്നു ഇവരുടെ കണക്കുകൂട്ടൽ. തൃശൂർ, എറണാകുളം ജില്ലകളിൽ ഇവർ ലഹരി ഇടപാട് നടത്തിവരികയായിരുന്നെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

അടുത്തിടെ ഡൽഹിയിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ആഫ്രിക്കൻ സംഘത്തിലെ കണ്ണികളിൽ നിന്നാകാം ഇവർ എം.ഡി.എം.എ വാങ്ങിയതെന്നാണ് കരുതുന്നത്. കൊച്ചിയിലെ ഡി.ജെ പാർട്ടികൾക്കായാണ് ഇത് എത്തിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃശൂർ എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ് കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

 ആലുവ കേന്ദ്രം

കേരളത്തിലേക്ക് ഏറ്രവുമധികം അന്യസംസ്ഥാന തൊഴിലാളികൾ എത്തുന്ന കേന്ദ്രമാണ് ആലുവ റെയിൽവേ സ്റ്റേഷൻ. ഉത്തരേന്ത്യയിൽ നിന്ന് ട്രെയിൻമാ‌ർഗം എത്തുന്ന കഞ്ചാവും മയക്കുമരുന്നും പുറത്തെത്തുന്നതും ഇതേ സ്റ്റേഷനിലൂടെ തന്നെ.