കാലടി: മരോട്ടിച്ചോട്ടിൽ വീടുകളിൽ കയറിയുള്ള ഗുണ്ടാ അക്രമണത്തിൽ രണ്ട് സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. വീടുകളും തകർത്തു. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ (46), ക്രിസ്റ്റീൻ ബേബി (26) എന്നിവർക്കാണ് രാത്രി വെട്ടേറ്റത്. ഇവരെ ചികത്സയ്ക്കായി എത്തിച്ച അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിയും പ്രതികൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സി.പി.എം പ്രവർത്തകരായിരുന്ന സേവ്യറും ക്രിസ്റ്റിനും കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുമ്പാണ് സി.പി.ഐയിൽ ചേർന്നത്. ഇതേച്ചൊല്ലി പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സി.പി.ഐയുടെയും എ.ഐ.വൈ.എഫിന്റേയും കൊടിമരം കഴിഞ്ഞദിവസം തകർത്തിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ ഏരിയാ സെക്രട്ടറി സിബി രാജൻ ആവശ്യപ്പെട്ടു.