കിഴക്കമ്പലം: കരിമുകൾ ചെങ്ങാട്ട് കവലയിൽ വടിവാളുമായി എത്തിയ സംഘം നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. പാദത്തിനു വെട്ടേ​റ്റ വേളൂർ സ്വദേശി ആന്റോ ജോർജിനെ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് വെട്ടേ​റ്റ ജിനു കുര്യാക്കോസ്, ശരീരത്തിൽ വെട്ടേ​റ്റ എൽദോസ് കോണിച്ചോട്ടിൽ, ജോർജ് വർഗീസ് എന്നിവർ കരിമുകളിനു സമീത്തെ ആശുപത്രിയിൽ ചികിത്സ തേടി. ഒരാളെ അമ്പലമേട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങാട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന് സംശയിച്ച് ക്രിസ്മസ് ദിനത്തിൽ ഉച്ചയോടെ ഒരു സംഘത്തെ നാട്ടുകാർ ചോദ്യംചെയ്തിരുന്നു. ഇതിനു പ്രതികാരം ചെയ്യാനാണ് വൈകിട്ട് അക്രമിസംഘം എത്തിയതെന്നു കരുതുന്നു. നാളുകളായി ഇവിടെ കഞ്ചാവ് വില്പന നടക്കുന്നതായി പരാതിയുണ്ട്. എന്നാൽ അമ്പലമേട്, പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ അതിർത്തി സംബന്ധിച്ച തർക്കത്തിൽ ഇരുകൂട്ടരും കേസുകൾ തട്ടിക്കളിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.