
പള്ളുരുത്തി: കായലോര മേഖലയിലെ വേലിയേറ്റ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെയും പ്രകൃതിസംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പെരുമ്പടപ്പിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പെരുമ്പടപ്പ്, പള്ളുരുത്തി പ്രദേശങ്ങളിലെ കായലോര മേഖലകളിൽ ആയിരത്തോളം കുടുംബങ്ങൾ ദുരിതത്തിലായതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ടി.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കെ. രവികുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സമിതിയംഗം വി.കെ.സുദേവൻ ആമുഖപ്രസംഗം നടത്തി. പരിസ്ഥിതി പ്രവർത്തകൻ പി.ആർ.അജാമളൻ വിഷയ അവതരണം നടത്തി. ഹിന്ദു ഐക്യവേദി മേഖലാ സെക്രട്ടറി വി.ബി.ഗോപിദാസ്, ബി.ജെ.പി മണ്ഡലം സെക്രട്ടറിമാരായ എം.ആർ. ദിലീഷ് കുമാർ, ശ്രീദേവി ഷിബു, ടി.എ.സുരേഷ് ബാബു, ബി.ജെ.പി ഏരിയാ പ്രസിഡന്റ് സി.ആർ.സോമൻ, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി പി.പി. മനോജ്, പി.വി.ജയകുമാർ, വി.ബി.ഷിബു എന്നിവർ നേതൃത്വം നൽകി.