vicar

കൊച്ചി: സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെയും സിനഡംഗങ്ങളുടെയും അടിച്ചമർത്തലിനും ആരാധനക്രമ കാര്യങ്ങൾ അടിച്ചേല്പിക്കുന്നതിനുമെതിരെ ക്രിസ്‌മസ് ദിനത്തിൽ വൈദികർ ഉപവസിച്ചു. അതിരൂപതാ ആസ്ഥാനത്തെ പൂമുഖത്ത് കെട്ടിയ പുൽക്കൂട്ടിനരികെയായിരുന്ന ഉപവാസയജ്ഞം. അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ ആമുഖ പ്രഭാഷണം നടത്തി. ഫാ. ബൈജു കണ്ണമ്പിള്ളി, വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ എന്നിവർ സംസാരിച്ചു. 200 ഓളം വൈദികർ പങ്കെടുത്തു. വൈദികരെ കേൾക്കാതെയും വിശ്വാസികളെ അറിയിക്കാതെയും മെത്രാന്മാർ തീരുമാനങ്ങളെടുത്ത് അടിച്ചേല്പിക്കുന്നത് ക്രൈസ്തവമല്ലെന്ന് അറിയിക്കാനാണ് ഉപവാസമെന്ന് വൈദികർ പറഞ്ഞു. ആത്മീയ നേതാക്കന്മാരായ മെത്രാന്മാർ കക്ഷി രാഷ്ട്രീയത്തിൽ പരസ്യമായി ഇടപെടുകയും വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി വർഗീയത പോലും പരസ്യമായി വിളമ്പുന്നതിനെതിരെയുള്ള പ്രാർത്ഥനാ യജ്ഞമാണിതെന്ന് അവർ പറഞ്ഞു.