kalamezhuthu-pattu
വാതുറക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന കളമെഴുത്തുപാട്ട്‌

ആലങ്ങാട്: ചതുർഭുജത്തിൽ ആരംഭിച്ച് പതിനാറു കൈകളിൽ നിറഞ്ഞ ഭദ്രകാളിക്കളവുമായി മാളികപീടിക വാതുറക്കാവ് ഭദ്രകാളി ദുർഗാഭഗവതി ക്ഷേത്രത്തിൽ മൂന്നുദിവസംനീണ്ട കളമെഴുത്ത് പാട്ട് മുടിയേറ്റോടെ സമാപിച്ചു. മഞ്ഞൾപ്പൊടി, മഞ്ഞളും ചുണ്ണാമ്പും കുഴച്ച ചുവന്നപൊടി, ഉമിക്കരി, ഉണക്കലരിപ്പൊടി, വാകയിലപ്പൊടി തുടങ്ങിയ പഞ്ചവർണ നിറക്കൂട്ടുകൊണ്ട് കളമെഴുത്ത് കലാകാരന്മാരായ കീഴില്ലം ഗോപാലകൃഷ്ണനും രാമചന്ദ്രൻ കളമ്പൂരുമാണ് കൂറ്റൻ കളംവരച്ചത്. നാലുകൈകളിൽ തുടങ്ങി മൂന്നാംദിനം പതിനാറുകൈകളിൽ കളം പൂർത്തിയായശേഷം നെല്ലും നാളികേരവും പൂക്കുലയുംവച്ച് ആരാധിച്ച് ഭദ്രകാളിപ്പാട്ട് ആരംഭിച്ചു. മുടിയേറ്റ് കലാകാരൻ കീഴില്ലം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കളംമായ്ച്ച് മുടിയേറ്റ് അരങ്ങേറി.