കൂത്താട്ടുകുളം: കോട്ടയം മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് കാലത്ത് ജീവനക്കാർക്കായി കൂത്താട്ടുകുളത്തുനിന്ന് ഓർഡിനറി ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ ലോക് ഡൗൺ നിബന്ധനകൾ പിൻവലിച്ചപ്പോൾ ബസും നിർത്തി. സർവീസ് നഷ്ടത്തിലായതിനാലാണെന്നാണ് അധികൃതരുടെ ഭാഷ്യം.
എന്നാൽ അവശ്യസർവ്വീസായി പരിഗണിച്ച് ബസ് അനുവദിക്കണമെന്നാണ് സ്ഥിരം യാത്രക്കാരായിരുന്ന ജീവനക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്. രാവിലെയും വൈകിട്ടും ഒരു ട്രിപ്പെങ്കിലും മെഡിക്കൽ കോളേജ് വഴി കോട്ടയത്തിന് ഒരു സർവീസ് തുടരണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ കൂത്താട്ടുകുളം, പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി എന്നീ പഞ്ചായത്തുകളിലെ സാധാരണക്കാർ ആരോഗ്യകാര്യങ്ങളിൽ ഏറ്റവുമധികം ആശ്രയിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജിനെയാണ്. എം സി റോഡ് കടന്നുപോകുന്ന കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്കും മെഡിക്കൽ കോളേജിൽ എത്തേണ്ടതുണ്ട്.