കൊച്ചി: കെ.എസ്.ഇ.ബിയിൽ നടപടികളെല്ലാം ഓൺലൈനാക്കിയെങ്കിലും ഓഫീസിൽ നേരിട്ടു ചെന്നാൽ മിക്ക ആവശ്യങ്ങൾക്കും അപേക്ഷാഫോം പൂരിപ്പിച്ചു നൽകണം. അപേക്ഷാഫോമം സെക്ഷൻ ഓഫീസുകളിൽ സ്റ്റോക്കുമില്ല. ജീവനക്കാർ നൽകുന്ന സാമ്പിൾ അപേക്ഷാ ഫോമുമായി ഉപഭോക്താവ് പുറത്ത് പോയി ഫോട്ടോസ്റ്റാറ്റ് എടുക്കണം.
പേര് മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ലൈൻ കൺവേർഷൻ, പോസ്റ്റ് മാറ്റം ഉൾപ്പെടെ എന്തിനും അപേക്ഷ സമർപ്പിക്കണം. ഓൺലൈനിലൂടെയും അപേക്ഷിക്കാമെങ്കിലും ഓൺലൈൻ പരിജ്ഞാനമില്ലാത്തവർ ഓഫീസിൽ നേരിട്ടെത്തുന്നു. അപേക്ഷാ ഫോമുകളൊന്നും അക്ഷയ സെന്ററുകളിലും കിട്ടാനില്ല. അപേക്ഷ ഓൺലൈനാക്കിയതോടെ ഒന്നോ രണ്ടോ എണ്ണം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വാതിൽപ്പടി സേവനം
വാക്കിൽ മാത്രം
പരാതികൾ കുറയ്ക്കാനും ഉപഭോക്താവിന് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമായി കെ.എസ്.ഇ.ബി ആവിഷ്‌കരിച്ചതാണ് വാതിൽപ്പടി സേവനം. 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി രേഖകൾ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്ത് ആവശ്യം നിറവേറ്റുമെന്നായിരുന്നു വാഗ്ദാനം. ഇത് പൂർണ അർത്ഥത്തിൽ നടപ്പാക്കിയത് പാലക്കാട്ട് മാത്രം. മറ്റ് ജില്ലകളിൽ അപേക്ഷകളിൽ ഏറെയും പരിഹരിക്കപ്പെട്ടില്ല.
സെക്ഷൻ ഓഫീസുകൾ വാതിൽപ്പടി സേവനം കൃത്യമായി നടപ്പാക്കണമെന്നും ലഭിക്കുന്നില്ലെങ്കിൽ ഉപഭോക്താവിന് പരാതിപ്പെടാമെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
'അപേക്ഷാ ഫോമുകളുടെ പ്രിന്റൗട്ട് എടുത്ത് സെക്ഷൻ ഓഫീസുകളിൽ സൂക്ഷിക്കേണ്ടതാണ്. വിതരണം ചെയ്യാനാവശ്യമായ ഫോമുകൾ ഉണ്ടോയെന്ന് പരിശോധിക്കും '.
-ഡോ. ബി. അശോക്,
സി.എം.ഡി,
കെ.എസ്.ഇ.ബി
വാതിൽപ്പടി
സേവനം
₹ 1912 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കണം
₹ 19 ഡയൽ ചെയ്ത് കസ്റ്റമർ കെയർ എക്‌സിക്യുട്ടീവിനെ അറിയിക്കണം
₹. ആവശ്യം ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിലേക്ക് ഓൺലൈനായി നൽകും
₹.ഉപഭോക്താവിന് സൗകര്യപ്രദമായ സമയത്ത് സേവനം വീട്ടിലെത്തി നൽകും
₹സേവനം 24 മണിക്കൂറും ലഭ്യമാകും