കോലഞ്ചേരി: വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പുത്തൻകുരിശ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിലേക്ക്. 24 മണിക്കൂറും ഡോക്ടറുടെയും മറ്റ് ജീവനക്കാരുടേയും സേവനം ഉറപ്പു വരുത്തുക, സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുവാനുള്ള നടപടി സ്വീകരിക്കുക, കിടത്തിചികിത്സയും ലാബിന്റെ പ്രവർത്തനവും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. കോലഞ്ചേരി ഏരിയാ സെക്രട്ടറി സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം.എ. വേണു, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം വി.കെ. അയ്യപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, എം.എം. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസലേഷൻ വാർഡ് തുടങ്ങുന്നതിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 1.75 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ചിരുന്നു. ദിവസേന മുന്നൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. 24 മണിക്കൂറും ഡോക്ടറുടെ സേവനമുണ്ടായിരുന്ന ആശുപത്രിയിൽ 60 പേരെ ഒരേ സമയം കിടത്തിചികിത്സിക്കുവാനുള്ള സൗകര്യങ്ങളുമുണ്ട്. ഡോക്ടർമാരുടെ അവഗണനയും അനാസ്ഥയും കാരണം കുറച്ചു നാളുകളായി രോഗികൾ കാര്യമായി ഇവിടെയെത്താത്ത അവസ്ഥയാണെന്ന് നേതാക്കൾ പറയുന്നു.