ആലുവ: ചരിത്രമുറങ്ങുന്ന ആലുവ നഗരസഭയുടെ നൂറാം വാർഷികാഘോഷത്തിന് 30ന് ഔപചാരിക തുടക്കമാകുമെന്ന് ചെയർമാൻ എം.ഒ. ജോൺ, സ്വാഗതസംഘം ജനറൽ കൺവീനർ എം.എൻ. സത്യദേവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സെപ്തംബർ 15ന് സംഘടിപ്പിക്കുന്ന വിപുലമായ പൊതുസമ്മേളനത്തോടെ ശതാബ്ദി ആഘോഷം സമാപിക്കും.
1921 സെപ്തംബർ 15നാണ് ആലുവയെ നഗരസഭയായി പ്രഖ്യാപിച്ചത്. 30ന് വൈകിട്ട് മൂന്നിന് നഗരസഭാങ്കണത്തിൽ നടക്കുന്ന ശതാബ്ദിയാഘോഷം മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ശതാബ്ദിയുടെ ഭാഗമായി സെപ്തംബർ 21ന് പ്രഥമ ചെയർമാന്റെ വസതിയിൽ കേക്കുമുറിച്ച് ആഘോഷത്തിന് തുടക്കമിട്ടിരുന്നു. ശതാബ്ദി ലോഗോ പ്രകാശനവും ശതാബ്ദി ഗാനത്തിന്റെ അവതരണവും ചലചിത്രതാരം ദിലീപും നിർവഹിച്ചു. മുനിസിപ്പൽ ഓഫീസ് അങ്കണത്തിലെ വാട്ടർ ഫൗണ്ടനും നവീകരിച്ചു. നഗരസഭ മന്ദിരത്തിൽ ലിഫ്റ്റ്, ശതാബ്ദി സ്മാരകഹാൾ, ആലുവ ജനറൽ മാർക്കറ്റ്, തോട്ടയ്ക്കാട്ടുകര മിനിമാർക്കറ്റ് എന്നിവയുടെ നിർമ്മാണം ആരംഭിക്കും. മുനിസിപ്പൽ റിക്രിയേഷൻ ഗ്രൗണ്ട്, നഗരസഭ ലൈബ്രറി, മലിനജല സംസ്കരണ പ്ലാന്റുകൾ, മുനിസിപ്പൽ പാർക്ക് എന്നിവ പുനർനിർമ്മിക്കും. നഗരത്തെ ഗ്രീൻ സിറ്റിയാക്കാൻ മരതകത്തോപ്പ് പദ്ധതിക്ക് രൂപം നൽകും.
മാസത്തിൽ ഒരു പരിപാടി
ശതാബ്ദി വർഷത്തിൽ മാസത്തിൽ ഒരുപരിപാടിവീതം സംഘടിപ്പിക്കും. കലാപരിപാടികൾ, കായിക മത്സരങ്ങൾ, ഭക്ഷ്യമേള, വിവിധ സെമിനാറുകൾ, സാഹിത്യ - കലാസാംസ്‌കാരിക സമ്മേളനം, സ്ത്രീ ശാക്തീകരണ സമ്മേളനം എന്നിവ നടത്തും.
കൂട്ടയോട്ടം ഇന്ന്
ആഘോഷങ്ങളുടെ വിളംബരം നടത്തിയുള്ള കൂട്ടയോട്ടം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ മംഗലപ്പുഴ പാലത്തിന് സമീപത്ത് നിന്നാരംഭിക്കും. ഒളിമ്പ്യൻ ടി.സി. യോഹന്നാൻ ഫ്ളാഗ് ഓഫ് ചെയ്യും. നഗരപ്രദക്ഷിണം നടത്തി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും.
എൽ.ഡി.എഫ് പങ്കെടുക്കും
ഭരണപക്ഷം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതായി ആരോപിച്ച് ശതാബ്ദി ആഘോഷ പരിപാടികളിൽനിന്ന് വിട്ടുനിന്ന പ്രതിപക്ഷം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തുടർന്നുവരുന്ന ആഘോഷ പരിപാടികൾ കൂടിയാലോചനകളിലൂടെ സംഘടിപ്പിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ബഹിഷ്കരണം പിൻവലിക്കുന്നതെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീലത വിനോദ്കുമാർ പറഞ്ഞു.
നഗരസഭ വിസ്തൃതി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടും
ഏഴര ചതുരശ്ര കിലോമീറ്റർ മാത്രം വലിപ്പമുള്ള ആലുവ നഗരസഭ സമീപ പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് വികസിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ചെയർമാൻ അറിയിച്ചു. ശതാബ്ദി നടപടികളുടെ ഭാഗമായി കൗൺസിൽ ചേർന്ന് ഇക്കാര്യത്തിൽ ഐകകണ്ഠ്യേന തീരുമാനമെടുക്കും.