കൊച്ചി: കൊച്ചി നഗരത്തിൽ വഴിയോരക്കച്ചവടം നടത്താനുള്ള ലൈസൻസിന് അർഹരായവരുടെ പട്ടിക നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന മുൻ ഉത്തരവു നടപ്പാക്കണമെന്നും ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ നഗരസഭാ സെക്രട്ടറി ജനുവരി നാലിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദ്ദേശിച്ചു. കൊച്ചി നഗരത്തിലെ അനധികൃത തെരുവുകച്ചവടങ്ങൾ തടയണമെന്നതടക്കമുള്ള ഒരു കൂട്ടം ഹർജികളിൽ തെരുവു കച്ചവടക്കാർക്ക് ലൈസൻസ് നൽകാനും ഇതിനായി സംവിധാനമൊരുക്കാനും സിംഗിൾ ബെഞ്ച് നേരത്തെ നഗരസഭക്ക് നിർദ്ദേശം നൽകിയിരുന്നു.
പിന്നീട് ഹർജി പരിഗണിച്ചപ്പോൾ തെരുവു കച്ചവടത്തിനുള്ള ലൈസൻസ് നൽകാൻ നഗരസഭ തിരഞ്ഞെടുത്തവരുടെയും ലൈസൻസ് ലഭിച്ചവരുടെയും യോഗ്യരെന്ന് ടൗൺ വെൻഡിംഗ് കമ്മിറ്റി കണ്ടെത്തിയവരുടെയും പട്ടിക ഡിസംബർ 21 നകം നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ഡിസംബർ 16 ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഡിസംബർ 22ന് ഹർജി വീണ്ടും പരിഗണിച്ചപ്പോൾ ഈ ഉത്തരവു നടപ്പാക്കിയിരുന്നില്ല. തുടർന്നാണ് ഉത്തരവു നടപ്പാക്കി റിപ്പോർട്ട് നൽകണമെന്നും അല്ലെങ്കിൽ ജനുവരി നാലിന് നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സിംഗിൾബെഞ്ച് താക്കീത് നൽകിയത്. അതേസമയം ഹൈക്കോടതി നിർദ്ദേശപ്രകാരം അനധികൃത തെരുവു കച്ചവടം തടയാൻ നഗരസഭയിലെ 74 ഡിവിഷനുകളിലും ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി കോർപ്പറേഷൻ അറിയിച്ചു. നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികളുടെ പട്ടികയും ഇതോടൊപ്പം സമർപ്പിച്ചു. തെരുവു കച്ചവടക്കാർക്ക് ലൈസൻസ് നൽകാനായി ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനയിൽ 1274 പേർക്ക് യോഗ്യതയുണ്ടെന്ന് കണ്ടെത്തി ഹൈക്കോടതി ഇക്കാര്യം ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. ലൈസൻസിനായി തുടർന്നു ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ച് നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാൻ തുടർന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു.