മൂവാറ്റുപുഴ: നഗരസഭ കൗൺസിൽ സംഘടിപ്പിക്കുന്ന നാലുദിവസം നീണ്ടുനിൽക്കുന്ന നഗരോത്സവത്തിന് ഇന്ന് അരങ്ങുണരും. ഇന്ന് രാവിലെ 11ന് ത്രിവേണി സംഗമത്തിൽ ജലകായികമേള ആരംഭിക്കും. നഗരസഭ മുൻ ചെയർമാൻ യു.ആർ. ബാബു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന നദീവന്ദനം നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യും. ത്രിവേണി സംഗമമദ്ധ്യത്തിൽ പുഴയിൽ സ്ഥാപിക്കുന്ന കാലിൽ വിളക്ക് കൊളുത്തിയാകും ഉദ്ഘാടനം. പുഴയോര നടപ്പാതയിൽ മൺചെരാതുകളും തെളിക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, മുൻ എം.പിമാരായ കെ. ഫ്രാൻസിസ് ജോർജ്, ജോയിസ് ജോർജ്, മുൻ എം.എൽ.എമാരായ ജോസഫ് വാഴക്കൻ, ജോണി നെല്ലൂർ, ബാബുപോൾ, എൽദോ എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും. 29ന് വൈകിട്ട് 4ന് നിർമല ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും അശ്വാരൂഢൻ, ബാൻഡുമേളം, ചെണ്ടമേളം, കാവടിയാട്ടം, ലൈറ്റ് കാവടി, ബൊമ്മലാട്ടം, നാടൻ കലാരൂപങ്ങൾ, കഥകളി, പ്രച്ഛന്നവേഷം തുടങ്ങിയ കലാരൂപങ്ങൾ അണിനിരക്കും.
കുടുംബശ്രീ പ്രവർത്തകർ, മുത്തുക്കുടയേന്തിയ വനിതകൾ, പരമ്പരാഗത വേഷധാരികളായ സ്ത്രീകൾ, കുട്ടിപ്പൊലീസ്, എൻ.എസ്.എസ് വോളന്റിയർമാർ, സ്കൗട്ട്, ഗൈഡ്, നക്ഷത്രക്കൂട്ടം കലാകാരന്മാർ, പൗരപ്രമുഖർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. റാലി മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള അർബൻ ഹാറ്റിൽ എത്തിച്ചേരുന്നതോടെ വിവിധ കലാപരിപാടികൾ ആരംഭിക്കും. കുടുംബശ്രീ കലാമേള, പുള്ളുവൻപാട്ട്, കഥകളിപ്പദം, നൃത്തം, വയലിൻ ഡ്യുയറ്റ്, തിരുവാതിര, ഫ്ലൂട്ട് സോളോ, ഒപ്പന, ദഫ്, നാടൻപാട്ടുകൾ, സിനിമാറ്റിക് ഡാൻസ്, കോമഡി ഷോ, മാപ്പിളഗാനസന്ധ്യ എന്നിവ നടക്കും. 30ന് മുനിസിപ്പൽ ടൗൺഹാൾ മൈതാനിയിൽ വൈകിട്ട് 4മുതൽ കലാപരിപാടികൾ, 5ന് സാംസ്കാരിക സമ്മേളനം. 5.30ന് കീർത്തന രാഗസന്ധ്യ നക്ഷത്രക്കൂട്ടം ഒരുക്കുന്ന അവതരണ സംഗീതം. സംഗീതസദസ്, നക്ഷത്രക്കൂട്ടം, തിരുവാതിര, സംഘനൃത്തം, ഗാനമേള - മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ്. 31ന് ടൗൺ ഹാൾ ഗ്രൗണ്ടിൽ വൈകിട്ട് 4മുതൽ നൃത്തസന്ധ്യ, മതമൈത്രി ഗാനം, മാർഗംകളി, ശാസ്ത്രീയ നൃത്തം, ഫ്യൂഷൻ ഡാൻസ്, കാലഭൈരവ നൃത്തം, രാത്രി 7.30ന് മെഗാഷോ - കൊച്ചിൻ സെറിമണി.