മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ പൊലീസ്, എക്സൈസ് നിരീക്ഷണത്തിൽ. കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡിന്റ തുടക്കത്തിൽ നടപ്പാക്കിയ തൊഴിൽകാർഡ് പദ്ധതിയുടെ മാതൃകയിൽ ഇവരുടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. തൊഴിൽകാർഡ് പദ്ധതിക്ക് തുടക്കംകുറിച്ചെങ്കിലും ഭൂരിഭാഗം തൊഴിലാളികളും നാടുകളിലേക്ക് മടങ്ങിയതോടെ ഇത് നിലച്ചിരുന്നു. ഇതോടെ ഇവരുടെ കൃത്യമായ കണക്കുകൾപോലും പൊലീസിന് ലഭ്യമല്ലാതെവന്നു. അന്ന് നഗരത്തിൽ മാത്രം തൊഴിൽകാർഡ് റജിസ്ട്രേഷൻ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 7668 പേർ മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്തിരുന്നു. തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടന ഉടമകളുടെ സമ്മതത്തോടെയാണ് തൊഴിൽകാർഡ് നൽകിയത്. പൈനാപ്പിൾ തോട്ടങ്ങൾ, ക്വാറികൾ തുടങ്ങി എല്ലാ മേഖലകളിലും ഇവർ ജോലിചെയ്യുന്നുണ്ട്.
പുതിതായി എത്തുന്നവരടക്കം എവിടെയൊക്കെയാണ് താമസിക്കുന്നതെന്നും എവിടെനിന്നാണ് വന്നതെന്നുമുള്ള വിവരങ്ങൾ നിലവിൽ പൊലീസിന്റെ കൈവശമില്ല. ഏതു സംസ്ഥാനത്തുനിന്ന് എത്തിയവരാണെന്നുപോലും പരിശോധിക്കാതെയാണ് ഇവരെ പലരും വാടകയ്ക്ക് താമസിപ്പിക്കുന്നത്. കൊടുംകുറ്റവാളികളായവർപോലും തൊഴിലാളികളെന്ന പേരിൽ വാടകക്കെട്ടിടങ്ങളിൽ തിങ്ങിത്താമസിക്കുന്നുണ്ട്. ഇവർക്കിടയിൽ മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി മരുന്ന് ഉപയോഗവും വിതരണവും വലിയ തോതിൽ നടക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. മൂവാറ്റുപുഴ വെള്ളൂർക്കുന്നം, പായിപ്ര കവല, പായിപ്ര ഏനാലിക്കുന്ന്- മൂങ്ങാച്ചാൽ റോഡ്, സ്കൂൾപടി, മാനാറി പുല്ലുവഴികണ്ടം എന്നിവിടങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികൾ കേന്ദ്രികരിച്ചിട്ടുള്ളത്. രാത്രികാലങ്ങളിൽ പോലും ഇവരിൽ പലരുടേയും സാന്നിദ്ധ്യം തെരുവുകളിലുണ്ടെന്നും ആരോപണമുണ്ട്.