photo
കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നിൽസംസ്ഥാന പാത ഉപരോധിക്കുന്നു

വൈപ്പിൻ: എടവനക്കാട് 13-ാം വാർഡിലും പഞ്ചായത്തിന്റെ മറ്റ് പലയിടങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ സംസ്ഥാനപാത ഉപരോധിച്ചു. രാവിലെ 6.30 ന് ആരംഭിച്ച ഉപരോധത്തെത്തുടർന്ന് ഒരുമണിക്കൂറോളം വൈപ്പിൻ- മുനമ്പം സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് ഞാറക്കൽ പൊലീസും പഞ്ചായത്ത് അംഗങ്ങളും ഇടപെട്ട് ജലഅതോറിറ്റി ഉദ്യോഗസ്ഥരെ സ്ഥലത്ത് വരുത്തി പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിൽ ഉപരോധം നിർത്തിവെച്ചു. എന്നാൽ നിശ്ചിതസമയം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തെത്താതിനാൽ പതിനൊന്ന് മണിയോടെ വീണ്ടും ഉപരോധം തുടങ്ങി. തുടർന്ന് ജല അതോറിറ്റി അസി.എക്‌സി.എൻജിനിയർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.

എടവനക്കാട് അണിയലിലെ ജലസംഭരണിയിൽനിന്ന് 24 മണിക്കൂറും പമ്പിംഗ് നടത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. എന്നാൽ മറ്റിടങ്ങളിലേക്കും പമ്പിംഗ് നടത്തേണ്ടതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ12 മണിക്കൂർ പമ്പിംഗ് നടത്താമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ നിർദേശം സമരക്കാർക്ക് സ്വീകാര്യമായില്ല. തുടർന്നുള്ള ചർച്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കൂടുതൽ സമയം പമ്പിംഗ് നടത്താമെന്ന അസി. എക്‌സി. എൻജിനിയറുടെ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.