vd-satheesan
ആലുവയിൽ ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധസദസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരളത്തിലെ നന്ദിഗ്രാമായി സി.പി.എമ്മിന് കെ റെയിൽ പദ്ധതി മാറുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനകീയ സമരം നടത്തുന്നവർക്കെതിരെ തീവ്രവാദആരോപണം ഉന്നയിക്കുന്ന പൊലീസ് നടപടിക്കെതിരെ ഡി.സി.സി ആലുവയിൽ സംഘടിപ്പിച്ച പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ സിപിഎമ്മിന്റെ കുത്തകഭരണം ഇല്ലാതാക്കിയ പദ്ധതിയാണ് നന്ദിഗ്രാം പദ്ധതി. അതേ അവസ്ഥയാണ് കേരളത്തിൽ പിണറായി സർക്കാർ സൃഷ്ടിക്കുക. പദ്ധതിയെ എതിർക്കുന്നവർ ചരിത്രത്തിൽനിന്ന് പുറന്തള്ളപ്പെടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ചരിത്രപുരുഷനാണ് താനെന്ന് പറയാതെ പറയുകയാണ് മുഖ്യമന്ത്രി. ഒരിക്കൽ നവോത്ഥാന നായകനാകാൻ പോയ ക്ഷീണം ഇതുവരെയും തീർന്നിട്ടില്ല. ഇപ്പോൾ 'ന' എന്ന അക്ഷരം പോലും മുഖ്യമന്ത്രി പറയുന്നില്ലെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.

പൊലീസിന്റെ സംഘപരിവാർ അജണ്ട കേരളത്തിൽ നടക്കില്ലെന്നും നാട്ടിലെ ഗുണ്ടകൾപോലും വെല്ലുവിളിക്കുന്ന നിലവാരത്തിലേക്ക് പൊലീസായെന്നും വി.ഡി. സതീശൻ പറഞ്ഞു. നിലയ്ക്ക് നിന്നില്ലെങ്കിൽ വീട്ടിൽക്കയറി തല്ലുമെന്ന് പൊലീസിനെതിരെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടുന്ന ഗുണ്ടകളുടെ നാടായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ടി.ജെ. വിനോദ് തുടങ്ങിയവർ സംസാരിച്ചു.