vyl

കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും ശാസ്ത്രജ്ഞനുമായ വൈലോപ്പിള്ളി ബാലകൃഷ്ണ മേനോൻ (100) നിര്യാതനായി. കലൂർ ചെറുപിള്ളി റോഡ് തെക്കേ ചെറുപിള്ളി വീട്ടിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് നാലിനായിരുന്നു അന്ത്യം.

വൈലോപ്പിള്ളി കുഞ്ഞിക്കുട്ടിയമ്മയുടെയും ടി. സുബ്ബരാമയ്യരുടെയും ആറ് പുത്രൻമാരിൽ ആറാമനായി 1921ൽ കലൂരിലാണ് ജനനം. എറണാകുളം മഹാരാജാസിൽ നിന്ന് ബി.എസ്‌സി ബിരുദവും അലഹബാദ് സർവ്വകലാശാലയിൽ നിന്ന് എം.എസ്‌സി.യും പി.എച്ച്.ഡിയും നേടി. പാരീസിലെ ബോർബോൺ സർവകലാശാലയിൽ യുനെസ്‌കോ സ്‌കോളർഷിപ്പോടെ മറൈൻ ബയോളജിയിൽ ഉപരിഗവേഷണം നടത്തി. ഉപരിപഠനത്തിന് ശേഷം സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു. പ്രൊഫസർ എമിറിറ്റസ് ആയാണ് വിരമിച്ചത്.
1942ൽ മഹാരാജാസിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് എട്ട് മാസം ജയിൽവാസം അനുഷ്ഠിച്ചു. വിയ്യൂർ സെൻട്രൽ ജയിലിൽ പനമ്പിള്ളി ഗോവിന്ദമേനോൻ, ഇക്കണ്ടവാര്യർ, സി. അച്യുതമേനോൻ തുടങ്ങിയ പ്രമുഖർക്കൊപ്പമായിരുന്നു ജയിൽ വാസം.

കവി വൈലോപ്പിള്ളി ശ്രീധരമേനോൻ മാതൃസഹോദരീ പുത്രനാണ്.
ഭാര്യ: പരേതയായ ചെറുപിള്ളി സതീരത്‌നം. മക്കൾ: ശ്രീദേവി (റിട്ട. ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥ, മസ്‌കറ്റ്), ഗീത (ബെഹ്‌റൈൻ), ശിവറാം (ബിസിനസ്), ടി.സി. കൃഷ്ണ (സീനിയർ സെൻട്രൽ ഗവ. കൗൺസൽ). മരുമക്കൾ: ശശിധരൻ (റിട്ട. ഇംഗ്ലീഷ് അദ്ധ്യാപകൻ), വേണുഗോപാലൻ (എൻജിനീയർ, ബെഹ്‌റൈൻ), മഞ്ജുള (സെൻട്രൽ എക്‌സൈസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), ഡോ.ബിന്ദു (ഹോമിയോ ഡോക്ടർ). സംസ്കാരം ഇന്ന് രാവിലെ 11.30ന് ഔദ്യോഗിക ബഹുമതികളോടെ പച്ചാളം ശ്മശാനത്തിൽ.