കൊച്ചി:പോണേക്കര ഇരട്ട കൊലക്കേസിൽ റിപ്പർ ജയാനന്ദൻ ജയിലിലാകുമ്പോൾ ജനകീയ സമര സമിതിക്കും ആശ്വാസം. 17 വർഷം മുമ്പ് ചേന്ദൻകുളങ്ങരയിൽ വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയും ജ്യേഷ്ഠത്തിയുടെ മകനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ജയാനനന്ദൻ പിടിയിലായത്.
കേസിൽ കളമശേരി പൊലിസിന്റെ അന്വേഷണം വഴിമുട്ടുമെന്നായപ്പോൾ സി.പി. എം ഇടപ്പള്ളി ലോക്കൽ സെക്രട്ടറി എൻ. എ. മണിയും ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി.വി. ജോണും ഭാരവാഹികളായി ജനകീയ സമര സമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. 2004ൽ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഡി.ജി. പിക്കും സമിതി നേരിട്ട് പരാതി നൽകി. തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ സന്തോഷ്, മാധവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
2011ൽ എൻ.എ. മണി ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണം ഊർജിതമാക്കാനും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്. പി മേൽനോട്ടം വഹിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. മറ്റൊരു കൊലപാതക കേസിൽ വധശിക്ഷ ഇളവ് ചെയ്ത സന്തോഷത്തിൽ ജയിലിൽ വച്ച് സഹതടവുകാരനോടാണ് പോണേക്കരയിലെ ഇരട്ടക്കൊലയുടെ വിവരം പങ്കുവച്ചത്. മുൻപട്ടാളക്കാരനായിരുന്ന സഹതടവുകാരൻ ഇക്കാര്യം മജിസ്‌ട്രേട്ടിനെ അറിയിക്കുകയും ക്രൈംബ്രാഞ്ച് ജയാനന്ദനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു