കൊച്ചി: പുതുവത്സരത്തോട് അനുബന്ധിച്ച് നഗരത്തിൽ പൊലീസ് സുരക്ഷ കർശനമാക്കി. പ്രധാനപ്പെട്ട എല്ലാ ജംഗ്ഷനുകളിലും പെട്രോളിംഗ് പാർട്ടിയെ നിയോഗിച്ചു. രാത്രികാല പെട്രോളിംഗ് ഡ്യൂട്ടിക്കായി 23 സി.ആർ.വികളെയും 23 സ്‌റ്റേഷൻ മൊബൈലുകളെയും റോമിയോ പെട്രോളിംഗ് പാർട്ടിയെയും ഫുട്ട് പെട്രോളിംഗ് പാർട്ടിയെയും ട്രാഫിക് പൊലീസിനെയും വിന്യസിച്ചു. തിരക്കേറിയ മാളുകളിലും ജംഗ്ഷനുകളിലും നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി മഫ്തിയിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും കടത്തലും നിരീക്ഷിക്കുന്നതിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ത്രീ സുരക്ഷ മുൻനിർത്തി വനിതാ പൊലീസ്, പിങ്ക് പൊലീസ് എന്നിവരുടെ സേവനവും ഉറപ്പാക്കും. അസി. പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ അടിസ്ഥാനത്തിൽ പൊലീസ് ചെക്കിംഗ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.