കൊച്ചി: പുതുവത്സരാഘോഷ പരിപാടികൾ രാത്രി പത്തിനകം അവസാനിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് റെസിഡൻസ് അസോസിയേഷനുകൾക്ക് തിരിച്ചടിയായി. കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ആഘോഷങ്ങൾ നടന്നില്ല. അതിന്റെ കേടുതീർത്ത് ഇത്തവണ അടിച്ചുപൊളിക്കാനുള്ള ഒരുക്കത്തിലായിരുന്നു പല സംഘടനകളും. കഴിഞ്ഞ മൂന്നു മാസമായി ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിയവരുണ്ട്. കൂപ്പൺ വില്പനയിലൂടെ ഫണ്ട് സ്വരൂപിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി കലാകായിക മേളകൾ നടത്തി. പുതുവത്സരത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ജനപ്രതിനിധികളും സിനിമാതാരങ്ങളും ഉൾപ്പടെ പ്രമുഖ വ്യക്തികളെ പരിപാടിയിലേക്ക് ക്ഷണിച്ചു. ബാൻഡ്മേളത്തോടെ വിശിഷ്ടാതിഥികളെ വരവേൽക്കാനായിരുന്നു ഉദ്ദേശം. നൃത്തം, ഗാനമേള, മിമിക്രി തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിക്കുന്നതിനായി വീട്ടമ്മമാർ ഉൾപ്പടെയുള്ളവർക്ക് പരിശീലനം നൽകി. വിഭവസമൃദ്ധമായ അത്താഴം വിളമ്പുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. പുതുവത്സരത്തെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ വരവ്. ഇതോടെ കാര്യങ്ങൾ ആകെ തകിടംമറിഞ്ഞു. തങ്ങളുടെ പദ്ധതികളെല്ലാം ഒമിക്രോൺ അട്ടിമറിച്ചതിന്റെ നിരാശയിലാണ് അസോസിയേഷൻ അംഗങ്ങൾ

 ആഘോഷങ്ങൾ ഒഴിവാക്കും

രോഗവ്യാപനം തടയാനുള്ള ശ്രമം ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. ആഘോഷങ്ങളും കൂടിച്ചേരലും പരമാവധി ഒഴിവാക്കണം. ഒമിക്രോൺ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷ പരിപാടികൾ കഴിയുന്നതും ഒഴിവാക്കണമെന്ന് വാട്ട്സ് അപ്പ് ഗ്രൂപ്പുകൾ വഴി എല്ലാ ഭാരവാഹികൾക്കും നിർദ്ദേശം നൽകും.

അഡ്വ. ഡി.ജി.സുരേഷ്,

എഡ്രാക്ക് നഗരസഭ കമ്മിറ്റി ചെയർമാൻ, ജില്ലാ കമ്മിറ്റി അംഗം

 തിരക്ക് ഒഴിവാക്കും

കുറഞ്ഞത് 500 പേർ പുതുവത്സരാഘോഷ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നത്. ഇത് നൂറു പേരായി കുറയ്ക്കും. ഉദ്ഘാടന ചടങ്ങ് വേണ്ടെന്നുവച്ചു. കലാപരിപാടികളുടെ എണ്ണം വെട്ടിക്കുറച്ചു. കൊവിഡ് സുരക്ഷ നിയമങ്ങൾ പാലിച്ച് പരിപാടി നടത്തും.

ക്ളീറ്റസ് കരിപ്പാശേരി

വൈസ് പ്രസിഡന്റ്, ഇടപ്പള്ളി ബി.ടി.എസ് ആർ.ആർ.എ നോർത്ത് വെസ്റ്റ്

 നിറംകെട്ട് കാർണിവൽ

സാധാരണ ഡിസംബർ ആദ്യ ആഴ്ച മുതൽ കാർണിവലിന് വേണ്ടി ഫോർട്ടുകൊച്ചി ഒരുങ്ങിത്തുടങ്ങും. ലോകത്തിന്റെ നാനാഭാഗത്തും നിന്നും സഞ്ചാരികൾ ഒഴുകിയെത്തും. കാർണിവൽ കാലത്ത് ജില്ല ആകെ ഉത്സവലഹരിയിലാകും. കൊവിഡിന്റെ നിഴലിലായതിനാൽ കഴിഞ്ഞ വർഷം കാർണിവൽ റദ്ദക്കി. ഇത്തവണ ആഘോഷം തിരിച്ചെത്തിയെങ്കിലും കാർണിവലിന്റെ പ്രധാന പരിപാടികളായ റാലി, സൈക്കിൾ, ബൈക്ക് റേസ് , പാപ്പാഞ്ഞിയെ കത്തിക്കൽ എന്നിവ ഒഴിവാക്കി. കരിമരുന്ന് പ്രയോഗത്തോടെ പുതുവർഷ രാവിൽ വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റിന് തിരശീലയിടാനുള്ള പദ്ധതിയിലും മാറ്റം വരും. രാത്രി പത്തു മണിയോടെ പരിപാടികൾ സമാപിക്കും.