poothotta-temple
പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രം

കൊച്ചി: പൂത്തോട്ട ശ്രീനാരായണവല്ലഭന്റെ ഉത്സവകാലം ഇനി പാവപ്പെട്ട കുടുംബങ്ങൾക്ക് കാരുണ്യവർഷമാകും. ഉത്സവത്തിന്റെ ആർഭാടങ്ങൾ ഒഴിവാക്കി, ആ തുകകൊണ്ട് ഓരോ വർഷവും 10 പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുവച്ചുനൽകും. എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കീഴിലുള്ളതാണ് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പൂത്തോട്ട ക്ഷേത്രം. ജനുവരിയിൽ അപേക്ഷ വാങ്ങും. അർഹരാകുന്ന 10 പേരുടെ 2023ലെ ഉത്സവാഘോഷം പുതിയ വീട്ടിലാകും. വരും വർഷങ്ങളിലും ഈ സേവനം തുടരാനാണ് ശാഖാ പൊതുയോഗ തീരുമാനം.

കൊവിഡിനാൽ കഴിഞ്ഞ രണ്ടുവ‌ർഷം ഉത്സവം,​ ചടങ്ങുകളിൽ മാത്രം ഒതുങ്ങിയതിനാൽ നല്ലൊരു തുക നീക്കിയിരിപ്പുണ്ട്.

ഭവനപദ്ധതിക്ക് വഴിതുറന്നത് ഈ തുകയാണ്. ഇക്കുറി ഉത്സവം ജനുവരി ആറിന് കൊടിയേറും.

ഭവന പദ്ധതിക്ക് കൂടുതൽ തുക വേണ്ടിവന്നാൽ നാട്ടുകാരിൽ നിന്ന് സ്വീകരിക്കാനും ആലോചനയുണ്ട്.

 ഗുരുഅരുളിൽ വിദ്യാലയങ്ങളുയർന്നു

1893ലാണ് ശ്രീനാരായണ ഗുരുദേവൻ പൂത്തോട്ടയിൽ ശ്രീനാരായണവല്ലഭ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രത്തിനു ചുറ്റും സരസ്വതീ ക്ഷേത്രങ്ങൾ വേണമെന്ന ഗുരുവിന്റെ നിർദ്ദേശം ശാഖായോഗം ശിരസാവഹിച്ചു.

കെ.പി.എം. ഹൈസ്കൂൾ, കെ.പി.എം വി.എച്ച്.എസ്, കെ.പി.എം. ഹയർസെക്കൻഡറി, സഹോദരൻ അയ്യപ്പൻ ബി.എഡ് കോളേജ്, സ്വാമി ശാശ്വതികാനന്ദ കോളേജ്, ശ്രീനാരായണ ഐ.ടി.ഐ, ശ്രീനാരായണ ലാ കോളേജ്, ശ്രീനാരായണ സി.ബി.എസ്.ഇ പബ്ളിക് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ ഇന്ന് ക്ഷേത്രത്തിന് ചുറ്റുമുണ്ട്. 5000ൽപരം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു. വിദ്യാലയങ്ങൾ അല്ലാതെ മറ്റൊരു സ്ഥാപനങ്ങളും ശാഖയ്ക്കില്ല.

 കരിയുണ്ട്, കരിമരുന്നില്ല

ശാഖയുടെ കീഴിലുള്ള ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിലെയും ഒപ്പമുള്ള പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെയുംകൂടി 14 ദിവസത്തെ ഉത്സവത്തിന് ശരാശരി 70 ലക്ഷത്തോളം രൂപയാണ് ചെലവ്.

ലക്ഷങ്ങൾ മുടക്കിയുള്ള കലാമേളകൾക്കു പകരം കുടുംബ യൂണിറ്റുകളുടെ പരിപാടികൾ അരങ്ങേറും. കരിമരുന്ന് പ്രയോഗവും വേണ്ടെന്നുവച്ചു. ഗജവീരന്മാരും മേളവും പതിവുപോലെ ഉണ്ടാകും.

''ജനുവരിയിൽ പദ്ധതി ആരംഭിച്ച് ഡിസംബറിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. വീടുകൾ ശാഖ തന്നെ നിർമ്മിക്കും. ആഘോഷങ്ങൾക്ക് മാറ്റുകുറയുമെങ്കിലും പാവപ്പെട്ടവന് കയറിക്കിടക്കാൻ നല്ല വീട് ലഭിക്കുന്നതിനേക്കാൾ വലിയ ഉത്സവമില്ല.

ഇ.എൻ മണിയപ്പൻ, പ്രസിഡന്റ്,

എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ശാഖ