p
കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുറുപ്പംപടി വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിക്കുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുറുപ്പംപടി വാട്ടർ അതോറിട്ടി അസി.എൻജിനിയർ ഓഫീസ് മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. വൈസ് പ്രസിഡൻ്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് .എ.പോൾ, കെ.ജെ. മാത്യു,വൽസ വേലായുധൻ ,അംഗങ്ങളായ അനാമിക ശിവൻ, ഡോളി ബാബു എന്നിവർ പങ്കെടുത്തു.

കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് രണ്ടാഴ്ച പിന്നിടുന്നു. പാണംകുഴി പമ്പ് ഹൗസിലെ തകരാറാണ് കാരണം. പാണംകുഴിയിൽനിന്ന് ചൂരുമുടി വാട്ടർ ടാങ്കിലേക്കെത്തുന്ന വെള്ളത്തിന്റെ മർദ്ദക്കുറവാണ് പ്രശ്നമായത്. അകനാട്, ചുണ്ടക്കുഴി, പാണ്ടിക്കാട്, പ്രളയ്ക്കാട്, തുരുത്തി, മുടക്കുഴ ഭാഗങ്ങളിൽ വെള്ളമെത്തുന്നില്ല. വേങ്ങൂർ, അശമന്നൂർ പഞ്ചായത്തുകളിലെ പലപ്രദേശങ്ങിലും സ്ഥിതിയും വ്യത്യസ്ഥമല്ല.

കഴിഞ്ഞ കുറേ വർഷങ്ങളായി ഈ മൂന്ന് പഞ്ചായത്തുകളിലേക്കുള്ള പമ്പുകളുടെ അറ്റകുറ്റപ്പണി ഒരു കോൺട്രാക്ടറെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മൂന്ന് കോൺട്രാക്ടർമാർ ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ ഒരാൾ നോക്കുന്നത്. പമ്പുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കാനാവാത്ത അവസ്ഥയാണ്.

പാണംകുഴിയിൽ രണ്ട് പമ്പുസെറ്റുകളാണുള്ളത്. അതിലൊന്ന് മിക്കവാറും തകരാറിലാകും. പെരിയാർവാലി കനാലുകളിൽ വെള്ളം തുറന്നുവിടാത്തതിനാൽ മിക്കപ്രദേശങ്ങളിലെയും കിണറുകൾ വറ്റുകയാണ്. ഇതും ശുദ്ധജല ക്ഷാമം രൂക്ഷമാക്കുന്നു. പഞ്ചായത്തുകൾക്ക് കളക്ടറുടെ ഉത്തരവുണ്ടെങ്കിലേ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കാനാകൂ.