കൊച്ചി: എടവനക്കാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം മൂന്നു ദിവസത്തിനകം പരിഹരിക്കുമെന്നും വൈദ്യുതി വിതരണം തടസപ്പെട്ടതിനാൽ പമ്പിംഗ് നിറുത്തിവെക്കേണ്ടിവന്നതാണ് ജലക്ഷാമത്തിന് കാരണമായതെന്നും വാട്ടർ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു. ഈ മേഖലയിൽ ജലവിതരണം തടസപ്പെടുമെന്ന് മുൻകൂർ നോട്ടീസ് നൽകിയിരുന്നു. പമ്പിംഗ് പുനരാരംഭിച്ചെന്നും വാട്ടർ അതോറിറ്റി വിശദീകരിച്ചു.

എടവനക്കാട് മേഖലയിൽ കഴിഞ്ഞ മൂന്നുദിവസമായി ജലവിതരണം നിലച്ചെന്നും ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസിയും ഹൈക്കോടതി അഭിഭാഷകനുമായ കെ.എ. ജലീൽ നൽകിയ ഹർജിയിലാണ് വാട്ടർ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. തുടർന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഹർജി ജനുവരി അഞ്ചിനു പരിഗണിക്കാൻ മാറ്റി.

എടവനക്കാട് പഞ്ചായത്തിലെ 1,9,12,13,14 വാർഡുകളിലാണ് ജലവിതരണം പൂർണമായും തടസപ്പെട്ടത്. മൂന്നു ദിവസമായി ഭക്ഷണം പാകംചെയ്യാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണെന്നും പരാതി നൽകിയിട്ട് പരിഹാരമുണ്ടായില്ലെന്നും ഹർജിയിൽ വിശദീകരിച്ചിരുന്നു. ജലക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ വൈപ്പിൻ - എടവനക്കാട് റോഡ് ഉപരോധിച്ച് സമരം ചെയ്തിരുന്നു. എടവനക്കാട് പഞ്ചായത്തിനു മാത്രമായി വാട്ടർ അതോറിറ്റി വലിയ ടാങ്ക് നിർമ്മിച്ചിട്ടും പമ്പിംഗ് നടക്കുന്നില്ലെന്നും കുടിവെള്ളം നിഷേധിക്കുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കലാണെന്നും ഹർജിയിൽ പറയുന്നു.