കോലഞ്ചേരി: ക്രിസ്മസ് രാത്രിയിൽ കിഴക്കമ്പലത്ത് നടന്ന അക്രമത്തി​ന് പി​ന്നി​ലെ സൂത്രധാരനാരെന്ന് കണ്ടെത്താനുള്ള ശ്രമത്തി​ൽ പൊലീസ്.

കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാലിന്റെ നേതൃത്വത്തിൽ ഇന്നലെ കുന്നത്തുനാട് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കിറ്റെക്സ് കമ്പനിയിലെ സി.സി ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകാനും പൊലീസ് തീരുമാനിച്ചു. പ്രതികളി​ൽ നി​ന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. നിരവധി പ്രതികൾ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായും കണ്ടെത്തി​. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ടവരെന്ന് തെളി​ഞ്ഞാൽ വീണ്ടും അറസ്റ്റുണ്ടാകും.

റി​മാൻഡി​ലുള്ള പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നാളെ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസിന്റെ നീക്കം. 164 പേരാണ് റിമാൻഡിലുള്ളത്. അക്രമികൾ കത്തിച്ചതും, തകർത്തതുമായ പൊലീസ് ജീപ്പുകൾ സംഭവ സ്ഥലത്ത് നിന്ന് മാറ്റി. ഇവ വിശദമായ ഫോറൻസിക് പരിശോധനയ്ക്കു വി​ധേയമാക്കും.

കമ്പനി ക്വാർട്ടേഴ്സിനു മുന്നിൽ ഏർപ്പെടുത്തിയ പൊലീസ് പിക്കറ്റിംഗും പട്രോളിംഗും തുടരുകയാണ്.

ചി​കി​ത്സാചെലവ് പൊലീസ് വഹി​ക്കും

കി​ഴക്കമ്പലം അക്രമത്തി​ൽ പരി​ക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികത്സാ ചിലവ് ആഭ്യന്തര വകുപ്പ് വഹിക്കുമെന്ന് ഡി.ജി.പി അനിൽ കാന്ത് അറിയിച്ചു. ഉദ്യോഗസ്ഥരുടെ ബാങ്ക് വിവരങ്ങൾ ഇന്നലെ കൈമാറാൻ നിർദ്ദേശിച്ചിരുന്നു. ഇതുവരെയുണ്ടായ ചെലവും തുടർചെലവുകളും വഹിക്കും. ഗുരുതരമായി പരിക്കേറ്റ കുന്നത്തുനാട് എസ്.എച്ച്. ഒ വി.ടി. ഷാജന്റെ കൈ ശസ്ത്രക്രിയ ഇന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും.