കൊച്ചി: ബി.ജെ.പിക്കെതിരെ ജനാധിപത്യ ചേരിയുടെ കേന്ദ്രീകരണം കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മാത്രമേ സാധിക്കൂവെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന മോദി സർക്കാരിന്റെ നിലപാടു തന്നെയാണ് പിണറായി സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച കോൺഗ്രസ്സിന്റെ 137 മത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീഴ്ചകളുടെ ആഘാതങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രമാണ് കോൺഗ്രസ്സിനുള്ളത്. രാജ്യത്ത് സി.പി.എമ്മിന് നിവർന്ന് നിൽക്കാൻ കോൺഗ്രസ്സിന്റെ താങ്ങ് വേണം. കേരളത്തിന് പുറത്ത് ഒരടി മുന്നോട്ട് വയ്ക്കാൻ കഴിയാത്ത സി.പി.എമ്മാണ് ബി.ജെ.പിയെ നേരിടുമെന്ന് പറയുന്നത്. കെജ്‌രിവാൾ മുതൽ പിണറായി വരെ ബി.ജെ.പിയുടെ ബി ടീമാണെന്ന് മുരളീധരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായിരുന്നു. മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി തോമസ്, എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ കെ. ബാബു, ടി.ജെ വിനോദ്, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ്, സെക്രട്ടറി ഐ.കെ. രാജു, നിർവാഹക സമിതി അംഗങ്ങളായ കെ.പി. ധനപാലൻ, പി.ജെ. ജോയി, ജെയ്‌സൺ ജോസഫ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ തുടങ്ങിയവർ സംസാരിച്ചു.