കൊച്ചി: ഭൂരഹിതരുടെ ഭവന സ്വപ്‌നങ്ങക്ക് നിറമേകി ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിന് നാളെ തുടക്കമാകും. 'മനസ്സോടിത്തിരി മണ്ണ്' എന്ന പേരിൽ ആരംഭിക്കുന്ന കാമ്പയിനിലൂടെ അടുത്ത മൂന്നു വർഷം കൊണ്ട് ഭൂരഹിത ഭവന രഹിതരായ 2.5 ലക്ഷം പേർക്കു വീടിനായി ഭൂമിയോ ഭൂമിയുടെ വിലയോ നൽകാനാണു ലക്ഷ്യമിടുന്നത്.
കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനവും ധാരണാപത്രം കൈമാറലും നാളെ വൈകിട്ട് അഞ്ചിന് എറണാകുളം ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം വിനായകൻ മുഖ്യതിഥിയാകും.
ആദ്യ സംഭാവനയുടെ ധാരാണാപത്രം കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പ്രവാസിയായ പി.ബി. സമീർ എന്നിവരിൽ നിന്ന് മന്ത്രി സ്വീകരിക്കും. 1,000 ഗുണഭോക്താക്കൾക്കു പരമാവധി 2.5 ലക്ഷം രൂപ വീതം ആകെ 25 കോടി രൂപ നൽകാൻ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവാസിയായ പൂങ്കുഴി ഹൗസിൽ പി.ബി സമീർ 50 സെന്റ് സ്ഥലം കൈമാറും.
2021- 22 സാമ്പത്തിക വർഷം മുതലുള്ള മൂന്നു വർഷം കൊണ്ട് 2.5 ലക്ഷം ഗുണഭോക്താക്കൾക്കു വേണ്ടി ഭൂമി കണ്ടെത്തും.
ചടങ്ങിൽ മേയർ അഡ്വ.എം. അനിൽ കുമാർ, എം.എൽ.എമാരായ ടി.ജെ. വിനോദ്, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നവകേരളം കർമ പദ്ധതി കോർഡിനേറ്റർ ഡോ.ടി.എൻ സീമ, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ലൈഫ് മിഷൻ സി.ഇ.ഒ പി.ബി. നൂഹ്, ജില്ലാ കളക്ടർ ജാഫർ മാലിക്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് തുടങ്ങിയവർ പങ്കെടുക്കും.