
തൃക്കാക്കര: അഴിമതി ചൂണ്ടിക്കാട്ടുമ്പോൾ കൗൺസിലർമാർക്കെതിരെ കള്ളക്കേസ് കൊടുക്കുന്ന രീതി ചെയർപേഴ്സൻ മാറ്റണമെന്ന് സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി എ.ജി ഉദയകുമാർ പറഞ്ഞു. പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരുവർഷം തൃക്കാക്കരയിൽ യാതൊരു വികസന പദ്ധതികളും നടപ്പിലാക്കാൻ സാധിക്കാത്ത ഭരണമാണ് യു.ഡി.എഫ് കാഴ്ചവയ്ക്കുന്നത്. കൗൺസിൽ ഹാളിൽ വികസനം ചർച്ച ചെയ്യുമ്പോൾ എൽ.ഡി.എഫിലെ വനിതാ കൗൺസിലർമാരെ അടക്കം കൈയേറ്റം ചെയ്യുന്ന രീതി മാറ്റിയില്ലെങ്കിൽ ചെറുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ.കെ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ.ടി.എൽദോ, എ.പി. ഷാജി, കെ.ടി രാജേന്ദ്രൻ, എം.എബ്രഹാം കൗൺസിലർമാരായ ജിജോ ചിങ്ങംതറ, എം.ജെ.ഡിക്സൻ, പി.സി. മനൂപ്, കെ.എക്സ് സൈമൺ, അജുന ഹാഷിം, ഉഷാ പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.