
മട്ടാഞ്ചേരി: ഗുസ്തി എന്ന കായിക ഇനത്തിന് ഏറെ വളക്കൂറുള്ള മേഖലയാണ് മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പ്രദേശങ്ങൾ. ഇവിടെ നടക്കുന്ന ഗുസ്തി മത്സരങ്ങൾക്ക് ആവേശം പകരുന്നത് മല്ലന്മാരുടെ തടിമിടുക്ക് മാത്രമല്ല. മത്സരം നിയന്ത്രിക്കുന്ന റഫറിയുടെ പ്രകടനവും കാണികളുടെ കൈയടി നേടുകയാണ്. ഗുസ്തിക്കാരുടെ മുകളിലൂടെ പറന്ന് ഗുസ്തി നിയന്ത്രിക്കുന്ന എം.എം.സലീമാണ് ഫോർട്ടുകൊച്ചിയുടെ താരം. സലീം റഫറിയായുള്ള ഓരോ മത്സരം തുടങ്ങുമ്പോഴും കാണികളിൽ നിന്നും പറക്കും റഫറി പറക്കണമെന്ന ആവശ്യം ഉയരും. കാണികളെ നിരാശരാക്കാതെ ഗുസ്തിക്കിടെ സന്ദർഭം അനുയോജ്യമാകുന്ന ഘട്ടത്തിൽ സലീം വായുവിലൂടെ പറക്കും. ഇതോടെ കാണികളുടെ നിറുത്താതെയുള്ള കൈയടിയും ഉയരും.
പ്രതിയോഗിയുടെ രണ്ട് തോളുകളും ഒരേസമയം തറയിൽ മുട്ടിക്കുന്ന ഫയൽവാനാണ് ഗുസ്തി മത്സരത്തിൽ വിജയിക്കുന്നത്. ഇപ്രകാരം രണ്ടു തോളുകളും മുട്ടുന്ന നിമിഷം അൽപംപോലും പാഴാക്കാതെ ഒരു ഭാഗത്തു നിന്നും മറുഭാഗത്തേക്ക് ഡൈവ് ചെയ്ത് ചാടി നോക്കി വിസിൽ ഊതിയാണ് സലീമിന്റെ പറക്കൽ. രണ്ടുതവണ ഇന്ത്യാ- പാക് ഗുസ്തി നിയന്ത്രിച്ചിട്ടുള്ള അന്തർദേശീയ ഗുസ്തി റഫറിയാണ് സലീം. സംസ്ഥാന ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സെക്രട്ടറി കുടിയായ സലീം ഗുസ്തി പഠിപ്പിക്കുന്നതിന് പുറമെ ക്രിക്കറ്റ് കളിക്കുന്നവർക്കും ഫുട്ബാൾ ഗോളികൾക്കും കടപ്പുറത്ത് ഡൈവിംഗ് പരിശീലനം നൽകാറുണ്ട്. കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗാട്ടാ ഗുസ്തി മത്സരത്തിലും പറക്കും റഫറിയുടെ ഡൈവിംഗ് ശ്രദ്ധേയമായിരുന്നു.