ആലുവ: നഗരസഭയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം ഒളിമ്പ്യൻ ടി.സി. യോഹന്നാൻ ഫ്ളാഗ് ഓഫ് ചെയ്തു. ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തുറ, ഫാസിൽ ഹുസൈൻ, എം.പി. സൈമൺ, ജനറൽ കൺവീനർ എം.എൻ. സത്യദേവൻ, പി.പി. ജെയിംസ്, ഷമ്മി സെബാസ്റ്റ്യൻ, എം.ടി. ജേക്കബ്, ലിസ ജോൺസൺ എന്നിവർ സംസാരിച്ചു.
ദേശീയപാതയിൽ മംഗലപ്പുഴ പാലത്തിന് സമീപം നിന്നാരംഭിച്ച് മാർത്താണ്ഡവർമ്മ പാലംവഴി മെട്രോ സ്റ്റേഷന് മുൻവശത്തുകൂടി പുളിഞ്ചോട്, കാരോത്തുകുഴി കവല, ഫയർ സ്റ്റേഷൻ, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ബാങ്ക് കവല, പോസ്റ്റ് ഓഫീസ്, പമ്പുകവല, റെയിൽവേ സ്റ്റേഷൻ, ഗവ. ആശുപത്രി, പവർ ഹൗസ് ജംഗ്ഷനിൽ കൂടി മുനിസിപ്പൽ റിക്രിയേഷൻ ഗ്രൗണ്ടിൽ കൂട്ടയോട്ടം സമാപിച്ചു. നാളെ മുനിസിപ്പൽ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും.